നുഹ്- ഹരിയാനയിലെ നുഹിൽ തിങ്കളാഴ്ചത്തെ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് നുഹ് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും അത് നടക്കുമെന്ന പ്രഖ്യപനവുമായി വിശ്വഹിന്ദു പരിഷത്ത് .
സ്ഥിരോത്സാഹത്തോടെയും ദൃഢനിശ്ചയത്തോടെയും യാത്ര സംഘടിപ്പിക്കാനാണ് മേവാത്തിലെ ഹിന്ദു സമൂഹം തീരുമാനിച്ചിരിക്കുന്നതെന്ന് വിഎച്ച്പിയുടെ കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി ഡോ സുരേന്ദ്ര കുമാർ ജെയിൻ പറഞ്ഞു. ഇതുകൊണ്ടാണ് സംസ്ഥാനമൊട്ടാകെ ഒരു പരിപാടി വിഎച്ച്പി പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും ഒരു ശിവക്ഷേത്രത്തിൽ ബഹുജന ജലാഭിഷേക പരിപാടി സംഘടിപ്പിക്കും. ഈ പരിപാടിയിൽ ഹൈന്ദവ സമൂഹം പങ്കെടുക്കും.
നൂഹിലെ യാത്രയിൽ പുറത്തുനിന്നുള്ളവർ പങ്കെടുക്കില്ലെന്ന് വിഎച്ച്പിയുടെ കേന്ദ്ര ജോയിന്റ് ജനറൽ സെക്രട്ടറി ഡോ സുരേന്ദ്ര കുമാർ ജെയിൻ പറഞ്ഞു. സെപ്തംബർ 3 മുതൽ 7 വരെ ജില്ലയിൽ നടത്തുന്ന ജി 20 ഷെർപ്പ ഗ്രൂപ്പ് മീറ്റിംഗിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് യാത്രക്ക് അനുമതി നിഷേധിച്ചതെന്ന് അതിർത്തി സംസ്ഥാനങ്ങളിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി ശനിയാഴ്ച നടത്തിയ വെർച്വൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ച ഹരിയാന ഡയറക്ടർ ജനറൽ ഓഫ് പോലീസ് ശത്രുജീത് കപൂർ പറഞ്ഞു.