ന്യൂദല്‍ഹി-ചന്ദ്രയാന്‍-3 ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറക്കിയതിന് പിന്നാലെ ബിജെപിക്കും മോഡിക്കുമെതിരെ ആഞ്ഞടിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവ് മഹുവ മൊയ്ത്ര. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഐഎസ്ആര്‍ഒയെ തങ്ങളുടെ പ്രചാരണ ഉപാധിയാക്കുമെന്ന് എംപി പറഞ്ഞു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുമായി സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏഥന്‍സില്‍ നിന്ന് നേരിട്ട് ബെംഗളൂരുവിലേക്ക് പറന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മൊയ്ത്രയുടെ പരാമര്‍ശം. ബിജെപിയുടെ 'ഭക്ത് ആന്‍ഡ് ട്രോളന്‍ ആര്‍മി'യെ ലക്ഷ്യമിട്ടായിരുന്നു പ്രസ്താവന.
ഇന്ത്യയുടെ മൂന്നാമത്തെ ആളില്ലാ ചാന്ദ്ര ദൗത്യമാണ് ചാന്ദ്രയാന്‍ 3. ഇതിന്റെ ലാന്‍ഡര്‍ മൊഡ്യൂള്‍ നല്ല രീതിയിലാണ് സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രന്റെ അജ്ഞാത ദക്ഷിണധ്രുവത്തില്‍ ആദ്യമായി എത്തിച്ചേരുന്ന രാജ്യമെന്ന ചരിത്രവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.
''എല്ലാ ദൗത്യവും തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയ ഭ്രാന്ത് വളര്‍ത്താന്‍ ഉപയോഗിക്കും. പതിറ്റാണ്ടുകളുടെ ഇന്ത്യന്‍ ശാസ്ത്ര ഗവേഷണങ്ങളെ 'മോദി ഹേ തോ മുംകിന്‍ ഹേ മാജിക്' ആയി പാക്കേജ് ചെയ്യാന്‍ ഭക്ത് & ട്രോളന്‍ ആര്‍മി 24 മണിക്കൂറും പ്രയത്‌നിക്കുന്നു. ഇന്ത്യ, ഉണരുക. ഇല്ല, ഞാന്‍ ദേശവിരുദ്ധനല്ല, ''അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ വിജയകരമായ ചാന്ദ്ര ദൗത്യത്തിലൂടെ രാജ്യത്തിന് അഭിമാനമായ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞ 17 മാസമായി കൃത്യമായി ശമ്പളം ലഭിക്കുന്നില്ലെന്ന് പശ്ചിമ ബംഗാള്‍ ടിഎംസി മന്ത്രി അരൂപ് ബിശ്വാസ് കുറ്റപ്പെടുത്തി. എന്നാല്‍ ഈ അഭിപ്രായത്തെ 'വിലകുറഞ്ഞ രാഷ്ട്രീയ സ്റ്റണ്ട്' എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. അടുത്തിടെ, കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ ഭരണകാലത്തെ രാജ്യത്തിന്റെ ബഹിരാകാശ സാങ്കേതികവിദ്യയിലെ പുരോഗതിയെച്ചൊല്ലി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു.