ന്യൂദല്‍ഹി - കേരള നിയമസഭാ ജീവനക്കാര്‍ക്കായി സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഒരുക്കിയ ഓണസദ്യയില്‍ സ്പീക്കര്‍ക്ക് പോലും സദ്യ കിട്ടാതെ മടങ്ങേണ്ടി വന്നതിന് പിന്നാലെ കേരള ഹൗസിലെ ഓണഘോഷത്തിനും സദ്യ തികഞ്ഞില്ലെന്ന് ആക്ഷേപം. ക്ഷണിച്ചു വരുത്തിയ അതിഥികളില്‍ പലര്‍ക്കും സദ്യയുണ്ണാതെ മടങ്ങിപ്പോകേണ്ടി വന്നു. സംഘാടകരുടെ കണക്കുകൂട്ടലുകള്‍ തെറ്റുന്ന വിധത്തില്‍ ആളുകള്‍ എത്തിയതോടെയാണ് സദ്യ തികയാതെ വന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ ബന്ധുക്കളും സുഹൃത്തുക്കളും കൂട്ടത്തോടെ എത്തിയതാണ് സംഘാടകരെ വെട്ടിലാക്കിയത്. 1200 പേര്‍ക്കുള്ള സദ്യയാണ് വെള്ളിയാഴ്ച തയ്യാറാക്കുന്നതെന്നായിരുന്നു കേരളഹൗസ് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നത്. പുറത്തുള്ള കേറ്ററിങ് സര്‍വീസുകാരെയാണ് സദ്യ തയാറാക്കാന്‍ ഏല്‍പ്പിച്ചിരുന്നത് .എന്നാല്‍ ആളുകള്‍ കൂട്ടത്തോടെ സദ്യയുണ്ണാന്‍ എത്തിയതോടെ എല്ലാം തകിടം മറിയുകയായിരുന്നു.