ന്യൂദല്‍ഹി- ജി 20 ഉച്ചകോടിയിലെ അജണ്ടയില്‍ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്ന് കടക്കെണി അഭിമുഖീകരിക്കുന്ന രാജ്യങ്ങളുടെ സാമ്പത്തിക പുന:ക്രമീകരണമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി സൂചന നല്‍കി. ബിസിനസ് ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നരേന്ദ്രമോഡി ഇക്കാര്യം പറഞ്ഞത്.
ജി 20 ആരംഭിക്കുമ്പോള്‍ സാമ്പത്തിക പുരോഗതിയെക്കുറിച്ചും ഈ വിഷയങ്ങളിലെ സമവായത്തിനുള്ള സാധ്യതയെക്കുറിച്ചുമുള്ള ചോദ്യത്തിനാണ് സാമ്പത്തിക അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാജ്യങ്ങള്‍ അത് പാലിക്കേണ്ടതിനെ കുറിച്ചും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞത്.
കടക്കെണിയിലായ രാജ്യങ്ങളെ ചൈന ചൂഷണം ചെയ്യുന്നുവെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി ചില ശക്തികള്‍ മറ്റ് രാജ്യങ്ങളിലെ കടക്കെണികള്‍ മുതലെടുക്കുകയും കടക്കെണിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നുവെന്നും ചൈനയെ ഉദ്ദേശിച്ച് പ്രധാനമന്ത്രി വ്യക്തമാക്കി. കെനിയ, സാംബിയ, ലാവോസ്, മംഗോളിയ, പാകിസ്ഥാന്‍ എന്നിവ ഇത്തരത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളില്‍ ചിലതാണ്.
2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് രാജ്യങ്ങളുടെ പുരോഗതി അനിവാര്യമാണെന്നും ഇത് തിരിച്ചറിഞ്ഞുകൊണ്ട് 2021 മുതല്‍ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ കടബാധ്യതകള്‍ പരിഹരിക്കാന്‍ ജി 20 പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
സാംബിയ, എത്യോപ്യ, ഘാന എന്നീ രാജ്യങ്ങള്‍ക്ക് ശ്രദ്ധേയമായ സാമ്പത്തിക മുന്നേറ്റങ്ങള്‍ നടത്താന്‍ പ്രധാന വായ്പാ ദാതാവ് എന്ന നിലയില്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പൊതു ചട്ടക്കൂടിനപ്പുറം ശ്രീലങ്കയുടെ കടക്കെണിയിലെ പുന:ക്രമീകരണത്തിന് ഏകോപനം നടത്താനും ജി 20 ഫോറങ്ങള്‍ സഹായിച്ചതായും ഇന്ത്യ, ജപ്പാന്‍, ഫ്രാന്‍സ് എന്നിവയുടെ സമിതി ഈ പ്രക്രിയയില്‍ നിര്‍ണായക പങ്ക് വഹിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.