എ.സി മൊയ്തീന്‍ ശുദ്ധനായ രാഷ്ട്രീയ നേതാവ്, ഇ.ഡിക്ക് അത് ബോധ്യപ്പെട്ടു - കെ.ടി ജലീല്‍

എടപ്പാള്‍ - മുന്‍മന്ത്രി എ.സി മൊയ്തീന്‍ ശുദ്ധനായ രാഷ്ട്രീയ നേതാവാണെന്നും, ഇക്കാര്യം ഇ.ഡി ക്ക് തന്നെ ബോധ്യപ്പെട്ടിട്ടുണ്ടെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. മാധ്യമങ്ങളും കുത്തക മുതലാളിമാരും നടത്തുന്ന കള്ള പ്രചാരണമാണ് എ.സി മൊയ്തീനെതിരെ നടക്കുന്നതെന്നും കെ.ടി ജലീല്‍ പറഞ്ഞു. ചങ്ങരംകുളത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജലീല്‍. ചാനലുകളിലെ കോട്ടിട്ട ജഡ്ജിമാര്‍ പുലമ്പിയാല്‍ ഒന്നും എ.സി മൊയ്തീനെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് ജലീല്‍ പറഞ്ഞു. അഞ്ചു വര്‍ഷം മന്ത്രിയായ കാലയളവില്‍ 60 ലക്ഷം രൂപ ശമ്പളമായി ലഭിച്ചിട്ടുണ്ട്. ഇത് തിരുവനന്തപുരത്തെ ട്രഷറി അക്കൗണ്ടിലുള്ളതാണ്. ഇതില്‍ പകുതി പണം ചെലവായിട്ടുണ്ട് . മൊയ്തീന്റെ ഭാര്യ സര്‍ക്കാര്‍ സര്‍വീസിലെ ഉദ്യോഗസ്ഥയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് റിട്ടയര്‍ ചെയ്യുമ്പോള്‍ ലഭിച്ച 40 ലക്ഷം രൂപ അവരുടെ അക്കൗണ്ടിലും ഉണ്ട്. ഇതൊന്നുമല്ലാതെ ഒരു രൂപയുടെ അഴിമതിപോലും എ.സി മൊയ്തീന്‍ നടത്തിയിട്ടില്ലെന്ന് ജലീല്‍ വ്യക്തമാക്കി. താന്‍ അഴിമതി നടത്തി കോടികള്‍ സമ്പാദിച്ചു എന്ന് ഇ.ഡി പ്രഖ്യാപനം നടത്തിയിരുന്നത് ശരിയായിരുന്നുവെങ്കില്‍ ഇന്നും ജയിലില്‍ കിടക്കേണ്ട അവസ്ഥ തനിക്കുണ്ടായിരുന്നു എന്ന് ജലീല്‍ വ്യക്തമാക്കി.

 

Latest News