ന്യൂദല്‍ഹി- ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗന്‍യാനില്‍ പറന്നുയരുക 'വ്യോംമിത്ര'. പെണ്‍ റോബോട്ട് വ്യോംമിത്രയാണ് സഞ്ചാരിയെന്ന്് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങാണ് അറിയിച്ചത്.
ഒക്ടോബര്‍ ആദ്യം ട്രയല്‍ യാത്ര നടത്തുന്നതിന് പിന്നാലെയാണ് വ്യോംമിത്ര ബഹിരാകാശത്തേക്കു പോകുക. മനുഷ്യരുടെ പ്രവൃത്തികള്‍ അനുകരിക്കാന്‍ സാധിക്കുന്ന റോബോട്ടാണ് വ്യോംമിത്ര.
കോവിഡിനെ തുടര്‍ന്നാണ് ഗഗന്‍യാന്‍ പദ്ധതി വൈകിയതെന്നും ഇപ്പോഴിത് അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്നും ബഹിരാകാശത്തേക്ക് പോകുന്ന വാഹനം ഭൂമിയിലേക്ക് തിരിച്ചിറക്കുക എന്നതാണ് പ്രധാന വെല്ലുവിളിയെന്നും മന്ത്രി വിശദീകരിച്ചു.
ഇന്ത്യ കൃത്രിമോപഗ്രഹങ്ങള്‍ വിക്ഷേപിക്കാനും ചന്ദ്രയാന്‍ ദൗത്യത്തിലുമെല്ലാം ഉപയോഗിച്ച ബഹിരാകാശ വാഹനങ്ങള്‍ ഭൂമിയില്‍ തിരിച്ചിറക്കാന്‍ സാധിക്കുന്നവയല്ല. ഉപഗ്രഹങ്ങളും പേടകങ്ങളും ലക്ഷ്യത്തിലെത്തിക്കുന്ന മുറയ്ക്ക് സ്വയം നശിച്ചു പോകുന്ന രീതിയിലാണ് ഇവയുടെയെല്ലാം പ്രവര്‍ത്തനം.
ഇതിനു പകരം, ബഹിരാകാശ യാത്ര നടത്തി തിരിച്ച് ഭൂമിയിലിറങ്ങാന്‍ സാധിക്കുന്ന റീഎന്‍ട്രി റോക്കറ്റുകളാണ് ഗഗന്‍യാന്‍ ദൗത്യത്തിനു വേണ്ടി ഐ. എസ്. ആര്‍. ഒ നിര്‍മിക്കുന്നത്.