ന്യൂദല്‍ഹി- ചന്ദ്രയാന്‍-3 ചന്ദ്രനിലിറങ്ങിയ സ്ഥലത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിവശക്തി പോയിന്റ് എന്നു പേരിട്ടതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്.
ചന്ദ്രോപരിതലത്തിനു പേരിടാന്‍ മോഡി ആരാണെന്നും അവിടെ മോഡിയുടെ വകയല്ലെന്നും കോണ്‍ഗ്രസ് നേതാവ് റഷീദ് ആല്‍വി പ്രതികരിച്ചു. ശിവശക്തി പോയിന്റ് എന്ന പേര് പരിഹാസ്യമാണെന്നും ലോകം മുഴുവന്‍ കളിയാക്കി ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മള്‍ ചന്ദ്രനിലെ ആ പ്രദേശത്ത് ലാന്‍ഡ് ചെയ്തതില്‍ നമുക്ക് അഭിമാനമുണ്ടെന്നതില്‍ സംശയമില്ല. എന്നുവച്ച് ചന്ദ്രന്റെയോ ആ സ്ഥലത്തിന്റെയോ ഉടമസ്ഥാവകാശം നമുക്കില്ലെന്ന് ആല്‍വി വിശദമാക്കി.
ചന്ദ്രയാന്‍ 1 ദൗത്യം പൂര്‍ത്തിയാക്കി പേടകം ഇടിച്ചിറങ്ങിയ സ്ഥലത്തിന് ജവഹര്‍ പോയിന്റ് എന്നു പേരിട്ടത് ചൂണ്ടിക്കാട്ടിയാണ് ബി. ജെ. പി ഇതിനെ പ്രതിരോധിക്കുന്നത്. മോഡി സ്വന്തം പേരോ ഏതെങ്കിലും ബി. ജെ. പി നേതാക്കളുടെ പേരോ അല്ല ചന്ദ്രയാന്‍ 3 ലാന്‍ഡിങ് സൈറ്റിനു നല്‍കിയതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ജവഹര്‍ലാല്‍ നെഹ്‌റുവുമായി ഇതിനെ താരതമ്യം ചെയ്യാന്‍ പാടില്ലെന്നാണ് ആല്‍വി പറയുന്നത്. ഐ. എസ്. ആര്‍. ഒ ഇന്ന് എന്തായിട്ടുണ്ടെങ്കിലും അതിനു പിന്നില്‍ നെഹ്‌റുവാണെന്നും 1962ല്‍ വിക്രം സാരാഭായിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ചേര്‍ന്നാണ് ഐ. എസ്. ആര്‍. ഒ സ്ഥാപിച്ചതെന്നും എന്നാല്‍ മോഡി ചെയ്യുന്നത് രാഷ്ട്രീയവത്കരണമാണെന്നും ആല്‍വി പറഞ്ഞു.