ന്യൂദൽഹി- മുസ്ലീം വിദ്യാർഥിയെ തല്ലാൻ സഹപാഠികളോട് നിർബന്ധിച്ച സംഭവത്തിൽ ന്യായീകരണവുമായി അധ്യാപിക രംഗത്ത്. സംഭവത്തിൽ വർഗീയത ഇല്ലെന്നും ഗൃഹപാഠം ചെയ്യാത്തതിനാണ് കുട്ടിയെ മറ്റു കുട്ടികളോട് തല്ലിച്ചതെന്നും അധ്യാപിക ത്രിപ്ത ത്യാഗി പറഞ്ഞു. തനിക്കെതിരെ കേസെടുത്തെങ്കിലും ഇത് 'ചെറിയ പ്രശ്‌നമാണ്'.
കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് അവനോട് കർശനമായി പെരുമാറാൻ സമ്മർദം ഉണ്ടായിരുന്നു. ഞാൻ വികലാംഗയാണ്. അതിനാലാണ് ആ കുട്ടിയെ തല്ലാൻ മറ്റു വിദ്യാർത്ഥികളെ ഏൽപ്പിച്ചത്. വീഡിയോ ഏഡിറ്റ് ചെയ്തതതാണ്. മുഴുവൻ വർഗീയ കോണുകളാൽ കാണുകയാണ്. കുട്ടിയുടെ കസിൻ ക്ലാസിൽ ഇരിക്കുകയായിരുന്നു. വീഡിയോ അയാൾ റെക്കോർഡ് ചെയ്തതാണ്, അത് പിന്നീട് വളച്ചൊടിക്കുകയും ചെയ്തു. ഇതൊരു വലിയ പ്രശ്‌നമുള്ള കാര്യമല്ല. എന്റെ തെറ്റ് ഞാൻ അംഗീകരിക്കുകയാണ്. പക്ഷേ ഇത് ചിലർ അനാവശ്യമായി വലിയ പ്രശ്‌നമാക്കി മാറ്റി. ഇത് ചെറിയ പ്രശ്നമാണെന്നാണ് എനിക്ക് രാഷ്ട്രീയക്കാരോട് പറയാനുള്ളത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ ട്വീറ്റ് ചെയ്യുന്നത് അത്ര വലിയ കാര്യമല്ല. ഇത്തരം ദൈനംദിന വിഷയങ്ങൾ വൈറലായാൽ അധ്യാപകർ എങ്ങനെ പഠിപ്പിക്കും- അവർ പറഞ്ഞു.
അതേസമയം, അധ്യാപികക്ക് എതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തുവെന്ന് മുസാഫർനഗർ ജില്ലാ മജിസ്ട്രേറ്റ് അരവിന്ദ് മല്ലപ്പ ബംഗാരി പറഞ്ഞു.'മാതാപിതാക്കൾ ആദ്യം പരാതി നൽകാൻ തയ്യാറായില്ല, എന്നാൽ ഇന്ന് രാവിലെ അവർ ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി, അത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ നിയമനടപടി സ്വീകരിക്കും- ബംഗാരി പറഞ്ഞു.
ശിശുക്ഷേമ സമിതി കുട്ടിയെയും മാതാപിതാക്കളെയും കൗൺസിലിംഗ് ചെയ്തതായി ബംഗാരി പറഞ്ഞു. 'എന്റെ മകന് 7 വയസ്സായി. ഓഗസ്റ്റ് 24 നാണ് ഈ സംഭവം നടന്നത്. അധ്യാപിക എന്റെ കുട്ടിയെ വീണ്ടും വീണ്ടും മർദിച്ചു. എന്റെ മകൻ ഒന്നോ രണ്ടോ മണിക്കൂർ പീഡിപ്പിക്കപ്പെട്ടു. അവൻ ഭയപ്പെട്ടു,' കുട്ടിയുടെ പിതാവ് പറഞ്ഞു. സ്‌കൂളിനെതിരെ ആരോപണം ഉന്നയിക്കില്ലെന്ന് കുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നുവെങ്കിലും തന്റെ കുട്ടിയെ ഇനി ഈ സ്‌കൂളിലേക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സംഭവത്തെ വിദ്വേഷ കുറ്റകൃത്യമായി പാർട്ടി ഭേദമന്യേ രാഷ്ട്രീയക്കാരും അപലപിച്ചു.
'നിരപരാധികളായ കുട്ടികളുടെ മനസ്സിൽ വിവേചനത്തിന്റെ വിഷം വിതച്ച്, ഒരു സ്‌കൂൾ പോലുള്ള വിശുദ്ധ സ്ഥലത്തെ വെറുപ്പിന്റെ കമ്പോളമാക്കി മാറ്റുന്നു - രാഹുൽ ഗാന്ധി മൈക്രോബ്ലോഗിംഗ് സൈറ്റ് എക്സിൽ കുറ്റപ്പെടുത്തി.