വൽസാദ്- ഗുജറാത്തിലെ വൽസാദിൽ പാർട്ടി ഓഫീസിൽ മാധ്യമപ്രവർത്തകരെ മർദിച്ച സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിനേശ് പട്ടേലിന്റെ രണ്ട് മക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് പ്രവേഷ് പട്ടേൽ, പ്രതം പട്ടേൽ എന്നിവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
പ്രാദേശിക വാർത്താ ചാനലുമായി ബന്ധപ്പെട്ട വൽസാദ് നിവാസിയായ ഹെരത്‌സിൻ റാത്തോഡ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. വൽസാദ് ജില്ലാ കോൺഗ്രസ് ഓഫീസിൽ സംഘടപ്പിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മർദനം. ഗ്രൂപ്പ് വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെയാണ് മാധ്യമപ്രവർത്തകർക്ക് ക്ഷണം ലഭിച്ചത്. വ്യക്തിപരമായി സന്ദേശമയയ്‌ക്കാൻ ദിനേശ് പട്ടേലിനോട് മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. ഇതാണ് വാക് പോരിനും മർദനത്തിനും കാരണമായത്.
ദിനേശ് പട്ടേലും മറ്റ് കോൺഗ്രസ് നേതാക്കളും മാധ്യമ പ്രതിനിധികളും തമ്മിൽ വാക്പോരുണ്ടായി. ഏറ്റുമുട്ടലിനിടെ, പാർട്ടി ഓഫീസിൽ ഉണ്ടായിരുന്ന പ്രവേഷും പ്രഥമനും ഇടപെട്ട് രണ്ട് മാധ്യമപ്രവർത്തകരെ ഇടിച്ചും ചവിട്ടിയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിരയായവരിൽ റാത്തോഡ് വൈകുന്നേരത്തോടെ വൽസാദ് ടൗൺ പോലീസിൽ ഔദ്യോഗികമായി പരാതി നൽകി.