വാഷിംഗ്ടൺ- യു.എസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ജോർജിയ സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്ത കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ "മഗ് ഷോട്ട്' എടുത്ത സംഭവത്തിൽ പരിഹാസവുമായി പ്രസിഡന്റ് ജോ ബൈഡൻ. "മഗ് ഷോട്ട് ഫോട്ടോ കണ്ടു, ഹാൻസം ഗൈ, വണ്ടർഫുൾ ഗൈ'- ബൈഡൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. നാലാമത്തെ കേസിലാണ് പതിവു നടപടിയായി ഫോട്ടോ എടുത്ത ശേഷം ട്രംപിനെ ജാമ്യത്തിൽ വിട്ടത്.
ലേക്ക് ടാഹോയിൽ വ്യായാമ ക്ലാസ് കഴിഞ്ഞ് പുറത്തുവരുമ്പോഴാണ് ബൈഡൻ മാധ്യമപ്രവർത്തകരെ കണ്ടത്. അതേസമയം, ട്രംപ് നേരിടുന്ന നിയമപരമായ പ്രശ്നങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നതിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ജുഡീഷ്യൽ, പ്രോസിക്യൂഷൻ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും വൈറ്റ് ഹൗസ് വക്താക്കളും പറഞ്ഞു.
ജോർജിയയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഡോണൾഡ് ട്രംപ് അറ്റ്ലാന്റയിലെ ഫുൾട്ടൺ കൗണ്ടി ജയിലിലാണ് കീഴടങ്ങിയത്.. നടപടികളുടെ ഭാഗമായി എല്ലാ ക്രിമിനൽ കേസ് പ്രതികളെയും പോലെ അദ്ദേഹത്തിന്റെ ഫോട്ടോ) എടുക്കപ്പെട്ടു. അഞ്ചു മാസത്തിനിടെ ഇതു നാലാം തവണയാണു ട്രംപ് ക്രിമിനൽ കേസിൽ അറസ്റ്റിലാകുന്നത്. മറ്റു മൂന്നു കേസുകളിലും മഗ് ഷോട്ട് ഒഴിവാക്കിയിരുന്നു. 20 മിനിറ്റു നീണ്ട നടപടിക്രമങ്ങൾക്കുശേഷം രണ്ടു ലക്ഷം ഡോളറിന്റെ ജാമ്യത്തിലാണു ട്രംപിനെ വിട്ടയച്ചത്. വിചാരണ പിന്നീടു നടക്കും. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനോടു തോറ്റ ട്രംപ് ജോർജിയ സ്റ്റേറ്റിലെ ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. ജോർജിയയിൽ ബൈഡനേക്കാൾ 11,780 വോട്ടുകൾക്കു പിറകിലായ ട്രംപ്, ഈ വോട്ടുകൾ കണ്ടെത്തണമെന്നു സംസ്ഥാന ഇലക്ഷൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്ന ഫോൺ സംഭാഷണമാണു തെളിവ്. ട്രംപിന്റെ അഭിഭാഷകൻ റൂഡി ഗിലിയാനി അടക്കം 18 പേർകൂടി കേസിൽ പ്രതികളാണ്.