മോസ്‌കോ- റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനെതിരെ അട്ടിമറിശ്രമം നടത്തിയ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിന്റെ മരണത്തിലെ ദുരുഹതകള്‍ ഒടുങ്ങുന്നില്ല. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനും വാഗ്‌നര്‍ ഗ്രൂപ്പും പ്രിഗോഷിന്‍ കൊല്ലപ്പെട്ടെന്ന് ആവര്‍ത്തിക്കുമ്പോഴും വിമാനാപകടത്തില്‍ നിന്ന് ലഭിച്ച മൃതദേഹങ്ങളില്‍ നിന്ന് പ്രിഗോഷിന്റെ മൃതദേഹം കണ്ടെത്തിയെന്നതും മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാത്തതുമാണ് ദുരൂഹതകള്‍ വര്‍ധിപ്പിക്കുന്നത്.
മരിച്ചത് ആരെല്ലാമാണെന്ന് കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധനകള്‍ ഉള്‍പ്പെടെയുള്ളവ പുരോഗമിക്കുകയാണ്. ശതകോടീശ്വര വ്യവസായിയായ പ്രിഗോഷിന്‍, പുട്ടിന്റെ വിശ്വസ്തനായാണ് അറിയപ്പെട്ടിരുന്നത്. പുട്ടിനെതിരെ തിരിഞ്ഞതിനാല്‍ പ്രിഗോഷിനെ കൊലപ്പെടുത്തിയെന്ന് തന്നെയുള്ള ആരോപണമാണ് ശക്തം. അതേസമയം, വിമാനാപകടത്തില്‍ ഉക്രെയ്‌നിനു പങ്കില്ലെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. വിമാന അപകടത്തിന് പിന്നാലെ 'പ്രഗത്ഭനായ ബിസിനസുകാരനായിരുന്നു പ്രിഗോഷിന്‍' എന്ന് മാത്രമായിരുന്നു പുട്ടിന്റെ പ്രതികരണം. കൊല്ലപ്പെട്ടവരുടെ കുടുംബാങ്ങളെ അനുശോചനം അറിയിച്ച പുട്ടിന്‍, എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും സമയമെടുക്കുമെന്നുമാണ് ടിവി പ്രസംഗത്തില്‍ പറഞ്ഞത്.
പ്രിഗോഷിന്‍ ഇല്ലാതായാല്‍ വാഗ്‌നര്‍ ഗ്രൂപ്പ് അനാഥമാകുമെന്ന് റഷ്യ കരുതുന്നതായാണ് റിപ്പോര്‍ട്ട്. അനാഥത്വത്തില്‍ ശക്തിക്ഷയിക്കുന്ന വാഗ്‌നറിനെ തങ്ങളുടെ ഇഷ്ട്ടത്തിനൊത്ത് ഉപയോഗിക്കാമെന്ന് റഷ്യ കണക്കുകൂട്ടിയതായാണ് വിലയിരുത്തലുകള്‍. പ്രിഗോഷിന്റെയും വാഗ്‌നര്‍ ഗ്രൂപ്പിന്റെയും നാശം യുക്രെയ്ന്‍ സൈന്യത്തിനും, ഉക്രെയ്‌നിലെ റഷ്യന്‍ പ്രതിരോധ സേന ഉള്‍പ്പെടെയുള്ള 'ശത്രുക്കളുടെ സേനയ്ക്കും' ഉപകാരപ്പെടുമെന്നാണ് നിഗമനം.
വിമാന അപകടത്തിന് പിന്നില്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനാണെന്നാണ് റഷ്യന്‍ പൗരന്മാരും വിദേശ രാജ്യങ്ങളും സംശയിക്കുന്നത്. ഇതിനിടെ, ഉയരുന്ന ആരോപണങ്ങള്‍ കള്ളമാണെന്ന് വ്യക്തമാക്കി ക്രെംലിന്‍ രംഗത്തെത്തി. പ്രിഗോഷിന്റെ അപകടമരണത്തിലെ വസ്തുതകള്‍ പുറത്തുവരേണ്ടതുണ്ട്. ഇതു സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്. ഇതിന് സമയമെടുക്കുമെന്നുമാണ് ക്രെംലിന്റെ മറുപടി.
മോസ്‌കോയില്‍നിന്നു സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലേക്കു പോകുകയായിരുന്ന വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്ന് വാഗ്‌നര്‍ ബന്ധമുള്ള ടെലിഗ്രാം ചാനല്‍ അറിയിച്ചത്. വിമാനം വീഴ്ത്തിയതിനു പിന്നില്‍ റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയായ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസ് (എഫ്എസ്ബി) ആണെന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വാഗ്‌നര്‍ ഗ്രൂപ്പിന്റെ മേധാവി യെവ്ഗിനി പ്രിഗോഷിന്‍ സഞ്ചരിച്ച വിമാനം മോസ്‌കോയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ തിവീര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീഴുകയായിരുന്നു. സ്വകാര്യവിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ പ്രിഗോഷിന്റെയും വാഗ്‌നര്‍ ഗ്രൂപ്പിന്റെ ഏറ്റവും മുതിര്‍ന്ന കമാന്‍ഡര്‍ ദിമിത്ര ഉത്കിനിന്റെയും പേരുകളുണ്ടെന്ന് വ്യോമയാനവകുപ്പിനെ ഉദ്ധരിച്ച് റഷ്യന്‍ വാര്‍ത്താഏജന്‍സിയാണ് അറിയിച്ചത്.
വ്‌ളാഡിമിര്‍ പുട്ടിനെതിരെ അട്ടിമറിശ്രമം നടത്തിയതിന്റെ പ്രതികാരമായി പ്രിഗോഷിനെയും കൂട്ടരെയും ഇല്ലായ്മ ചെയ്‌തെന്ന നിഗമനമാണു പാശ്ചാത്യരാജ്യങ്ങള്‍ക്കുള്ളത്.