Sorry, you need to enable JavaScript to visit this website.

വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കും, ടോട്ടക്‌സ് മാതൃക ഉപേക്ഷിക്കും

തിരുവനന്തപുരം- സംസ്ഥാനത്ത് വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സാധാരണക്കാര്‍ക്ക് ദോഷകരമാകാത്ത വിധം വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതലയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ടോട്ടക്‌സ് മാതൃക കേരളം ഉപേക്ഷിക്കുമെന്നാണ് സൂചന.  ചെലവുകുറച്ച്  സ്വന്തം നിലയില്‍ പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. കെഎസ്ഇബി നേരിട്ട് പദ്ധതി നടത്തിയ ശേഷം കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം തേടും.
ബില്ലിങിനും അനുബന്ധ സേവനങ്ങള്‍ക്കുമുള്ള  സോഫ്റ്റ് വെയര്‍ കെഎസ്ഇബി തന്നെ രൂപം നല്‍കും.  കെഫോണ്‍ വന്നതോടെ കെഎസ്ഇബിക്ക് സൗജന്യമായി നല്‍കിയ ഫൈബര്‍ ഒപ്റ്റിക്ക് കേബിള്‍  ഉപയോഗിച്ച് വിവരവിനിമയം നടത്താനാണ് ഉദ്ദേശിക്കുന്നത്. കെഎസ്ഇബി ഡാറ്റ സെന്റര്‍ ഉപയോഗിച്ച് ഡാറ്റ സ്‌റ്റോറേജും നടത്തും. പഴയ മീറ്റര്‍ മാറ്റി പുതിയ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്ന ജോലി കെഎസ്ഇബി ജീവനക്കാരാകും നിര്‍വഹിക്കുക.
നിലവിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ ഘടിപ്പിക്കില്ല. ആദ്യഘട്ടമായി വ്യവസായവാണിജ്യ ഉപയോക്താക്കളിലാണ് സംവിധാനം ഏര്‍പ്പെടുത്തുക. ഏകദേശം മൂന്ന് ലക്ഷത്തില്‍ താഴെ ഉപഭോക്താക്കളാണ് പുതിയ സംവിധാനത്തിന്റെ ഭാഗമാവുക.

 

 

Latest News