- ആദ്യ സംഘത്തിൽ 410 പേർ
മക്ക- വിശുദ്ധ ഹജ് കർമത്തിനായി ഇന്ത്യൻ ഹജ് കമ്മിറ്റിക്കു കീഴിൽ മദീനയിലെത്തിയ തീർഥാടകരുടെ ആദ്യ സംഘം മദീനാ സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് എത്തിത്തുടങ്ങി. ഇന്നലെ മക്കയിലെത്തിയ ഹാജിമാർക്ക് ഇന്ത്യൻ ഹജ് മിഷന്റെയും മക്കയിലെ വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണമാണ് നൽകിയത്.
കോൺസുൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷെയ്ഖിന്റെ നേതൃത്വത്തിൽ ഹാജിമാരെ സ്വീകരിച്ചു. മികച്ച സേവന സൗകര്യങ്ങളാണ് ഹാജിമാർക്ക് ഒരുക്കിയിട്ടുള്ളതെന്നും അവരുടെ സുരക്ഷാ കാര്യത്തിൽ മുന്തിയ പരിഗണന നൽകിയിട്ടുണ്ടെന്നും കോൺസുൽ ജനറൽ പറഞ്ഞു.
ഹാജിമാർക്കു വേണ്ട എല്ലാ തയാറെടുപ്പുകളും നേരത്തെ നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. ഒരു ഹാജിക്കു പോലും ഒരു പ്രയാസവുമില്ലാതിരിക്കാനുള്ള ജാഗ്രത പുലർത്തി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹജ് കോൺസുൽ മുഹമ്മദ് ഷാഹിദ് ആലവും ഹാജിമാരെ സ്വീകരിക്കാനെത്തിയിരുന്നു.
മദീനയിൽ നിന്നും മക്കയിലെത്തിയ ആദ്യ സംഘത്തിൽ 410 ഹാജിമാരാണുണ്ടായിരുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ. ഇന്നലെ രാവിലെ ഏഴരയോടെ മദീനയിൽ നിന്ന് പുറപ്പെട്ട സംഘം ഉച്ചക്ക് മൂന്ന് മണിയോടെ മക്കയിലെത്തി. മക്കയിലെ അസീസിയ കാറ്റഗറിയിൽ 23-ാം നമ്പർ കെട്ടിടത്തിലാണ് ഇവർക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
മക്കയിലെത്തിയ ഹാജിമാർക്ക് റൊട്ടിയും ദാലും വെള്ളവുമടങ്ങിയ കിറ്റ് മക്കാ കെ.എം.സി.സി ഹജ് സെൽ വിതരണം ചെയ്തു. കുഞ്ഞുമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, നാസർ കിൻസാറ, മുസ്തഫ മുഞ്ഞക്കുളം, മജീദ് കൊണ്ടോട്ടി, നാസർ ഉണ്യാൽ, ഹംസ മണ്ണാർമല തുടങ്ങിയവർ നേതൃത്വം നൽകി. മറ്റ് വിവിധ സംഘടനകളും ഹാജിമാരെ സ്വീകരിക്കാൻ എത്തിയിരുന്നു.