മുംബൈ- പാര്‍ട്ടി പിളര്‍ത്തി ബി.ജെ.പി ക്യാമ്പിലെത്തിയെങ്കിലും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത് പവാറിനോടുള്ള 'സ്‌നേഹം' എന്‍.സി.പി മേധാവി ശരദ് പവാറിന് കുറയുന്നില്ല. അജിത്തുമായി തര്‍ക്കങ്ങളില്ലെന്നും ഇപ്പോഴും അദ്ദേഹം ഞങ്ങളുടെ നേതാവാണെന്നും പവാര്‍ പറഞ്ഞു.
അജിത് പവാര്‍ ഞങ്ങളുടെ നേതാവാണ്, അതിലൊരു തര്‍ക്കവുമില്ല. എന്‍.സി.പിയില്‍ യാതൊരു വിള്ളലുമില്ല. എങ്ങനെയാണു പാര്‍ട്ടിയില്‍ വിള്ളലുണ്ടാവുക? ദേശീയതലത്തില്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം വേര്‍പെട്ടു പോകുമ്പോഴാണ് അങ്ങനെ സംഭവിക്കുക. ഇന്ന് എന്‍.സി.പിയില്‍ അത്തരമൊരു സാഹചര്യമില്ല. ശരിയാണ്, ചില നേതാക്കള്‍ വ്യത്യസ്ത നിലപാട് എടുക്കുന്നുണ്ട്. പക്ഷേ, അതിനെ വിഭജനമെന്നു വിളിക്കാനാവില്ല. ജനാധിപത്യത്തില്‍ അങ്ങനെ അവര്‍ക്ക് ചെയ്യാനാകും- പവാര്‍ പറഞ്ഞു.
എന്‍.സി.പിയിലെ ചില നേതാക്കള്‍ ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ)-ബി.ജെ.പി സഖ്യത്തിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായത് ഇ.ഡി അന്വേഷണം നേരിടാതിരിക്കാനാണെന്നു പവാര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പവാര്‍ ബി.ജെ.പി നേതൃത്വത്തോട് അടുക്കുന്നതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് അജിത്തുമായി പ്രശ്‌നങ്ങളില്ലെന്നു വ്യക്തമാക്കിയത്. ശരദ് പവാറിന്റെ ചാഞ്ചാട്ടത്തില്‍ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡിയിലും 'ഇന്ത്യ' പ്രതിപക്ഷ മുന്നണിയിലും ആശങ്കയും എതിര്‍പ്പുമുണ്ട്.