ഗാസിയാബാദ്- കാമുകിയായ ഹിന്ദു യുവതിയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാനെത്തിയ 25കാരനായ മുസ്ലിം യുവാവിനെ ഹിന്ദുത്വ ഗുണ്ടകള്‍ കോടതി പരിസരത്ത് തല്ലിച്ചതച്ചു. നോയ്ഡയിലെ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്യാനാണ് ഗാസിയാബാദിലെത്തിയത്. നോയ്ഡയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനു പകരം ഗാസിയാബാദില്‍ പോകുന്നതാണ് സുരക്ഷിതമെന്ന ഉപദേശം കേട്ടാണ് യുവാവും യുവതിയും തിങ്കളാഴ്ച ഇവിടെ എത്തിയതെന്ന് പോലീസ് പറഞ്ഞു. ഒരു സംഘമാളുകള്‍ യുവാവിനെ വളയുകയും തെരുവിലിട്ട് മര്‍ദിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തു വന്നത്. വളഞ്ഞിട്ട് മര്‍ദിക്കുന്നതിനിടെ പോലീസെത്തിയാണ് യുവാവിനെ രക്ഷിച്ചത്. മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയാണ് മര്‍ദനത്തിനിരയായ യുവാവ്. ഉത്തര്‍ പ്രദേശിലെ ബിജ്‌നോര്‍ സ്വദേശിണ് കാമുകിയായ യുവതി. കൂടുതല്‍ ആക്രമണം ഭയന്ന് ആക്രമികള്‍ക്കെതിരെ പരാതി നല്‍കുന്നില്ലെന്നാണ് ഇവരുടെ നിലപാട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.