മുംബൈ- 40 ശതമാനം കയറ്റുമതി തീരുവയില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തിവരുന്ന സമരം കടുക്കുന്നു. ഏഷ്യയിലെ വലിയ സവാള വിപണിയായ നാസിക്കില്‍ ഉള്‍പ്പെടെ കര്‍ഷകസമരം നടക്കുന്നതിനിടെ മൊത്തവ്യാപാര കേന്ദ്രങ്ങളിലെ സവാള ലേലത്തില്‍ നിന്ന് കര്‍ഷകര്‍ പിന്മാറി. മതിയായ വില കിട്ടാത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ ലോഡ് ഇറക്കാന്‍ തയ്യാറാകാതെയിരിക്കുകയായിരുന്നു. ഇതോടെ തുടര്‍ച്ചയായ നാലാം ദിവസവും ലേലം മുടങ്ങി. 40 ശതമാനം കയറ്റുമതി തീരുവ അംഗീകരിക്കില്ലെന്ന നിലപാട് കര്‍ഷകര്‍ ആവര്‍ത്തിച്ചു.
കഴിഞ്ഞ ദിവസം കര്‍ഷക നേതാക്കളുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. കര്‍ഷകര്‍ക്ക് റെക്കാഡ് വില നല്‍കി സവാള സംഭരിക്കുമെന്നാണ് കേന്ദ്രം വാഗ്ദാനം നല്‍കിയത്. എന്നാല്‍ കയറ്റുമതിക്ക് തീരുവ പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യാപാരികളും കര്‍ഷകരും ഉറച്ച നിലപാട് സ്വീകരിച്ചതോടെ വില വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. നാഫെഡും എന്‍.സി.സി.എഫും ക്വിന്റലിന് 2410 രൂപ നല്‍കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. നേരത്തെ 2151 രൂപയാണ് നല്‍കിയിരുന്നത്. ആവശ്യമെങ്കില്‍ കര്‍ഷകരില്‍ നിന്ന് കൂടുതല്‍ സവാള വാങ്ങി സ്റ്റോക്ക് വര്‍ദ്ധിപ്പിക്കും. വില നിയന്ത്രിക്കാനാണ് സവാള സംഭരിക്കുന്നത്. ഉത്സവ സീസണിന് മുന്നോടിയായി വില വര്‍ദ്ധനവ് തടയാന്‍ എന്‍.സി.സി.എഫും നാഫെഡും കിലോക്ക് 25 രൂപ നിരക്കില്‍ സബ് സിഡിയായി സവാള നല്‍കുന്നുണ്ട്. കര്‍ഷകര്‍ക്ക് നല്ല വില ലഭിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കര്‍ഷകരുടെ സവാള നല്ല വിലയ്ക്ക് വില്‍ക്കാന്‍ സൗകര്യമൊരുക്കും. ആശങ്കപ്പെടേണ്ടെന്നു പറഞ്ഞ അദ്ദേഹം കയറ്റുമതിയില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ മികച്ച വിലയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും വ്യക്തമാക്കി.
ഏഷ്യയിലെ ഏറ്റവും വലിയ സവാള മൊത്തവ്യാപാര കേന്ദ്രമായ നാസിക്കില്‍ വില്‍പന നടക്കാതായതോടെ ഗോഡൗണുകളില്‍ സവാള നിറഞ്ഞ് കിടക്കുകയാണ്. കേരളത്തിലേക്ക് അടക്കം സവാളയെത്തുന്നത് നാസിക്കില്‍ നിന്നാണ്. വില്‍പന ദീര്‍ഘകാലത്തേക്ക് നിലച്ചാല്‍ രാജ്യത്ത് സവാള ക്ഷാമം രൂക്ഷമാവും. മഹാരാഷ്ട്രയിലെ കൃഷിമന്ത്രി ധനഞ്ജയ് മുണ്ടെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനെ കണ്ട് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്യത്ത് സവാള ലഭ്യത ഉറപ്പാക്കാനാണ് തീരുവ ഏര്‍പ്പെടുത്തിയതെന്ന് പറഞ്ഞ മന്ത്രി നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്. കേന്ദ്ര ബഫര്‍ സ്റ്റോക്കിലെ സവാള വിപണിയിലേക്ക് ഇറക്കാനുള്ള നടപടിയും കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.