Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ തെരഞ്ഞെടുപ്പ് ബുധനാഴ്ച; പ്രധാനമന്ത്രിയാകാന്‍ ഇവര്‍

ഇസ്ലാമാബാദ്- പാക്കിസ്ഥാനിലെ ദേശീയ, പ്രവിശ്യാ അസംബ്ലികളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. ജനാധിപത്യ ഭരണത്തിലേക്കു മാറിയതിനു ശേഷം നടക്കുന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പാണിത്. പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-എന്‍ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് കാലാവധി പൂര്‍ത്തിയാക്കിയത്. പണപ്പെരുപ്പം അടക്കം നിരവധി വെല്ലുവിളികളാണ് സര്‍ക്കാര്‍ നേരിടുന്നത്. ഇതിനിയയില്‍ സൈന്യം തെരഞ്ഞെടുപ്പില്‍ ഇടപെടുന്നതായുള്ള ആരോപണങ്ങളും നിലനില്‍ക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സര രംഗത്തുള്ളത് മൂന്ന് പ്രധാന കക്ഷികളുടെ നേതാക്കളാണ്.

ഇംറാന്‍ ഖാന്‍
പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) അധ്യക്ഷനും പാക്കിസ്ഥാന് ക്രിക്കറ്റ് ലോകകപ്പ് നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റനുമായ ഇംറാന്‍ ഖാന്‍ ഇത്തവണ പ്രതീക്ഷയിലാണ്. നിര്‍ണായകമായ പഞ്ചാബ് പ്രവിശ്യയിലുണ്ടാക്കിയ നേട്ടങ്ങളിലാണ് 65കാരന്‍ ഇംറാന്റെ ഖാന്റെ പാര്‍ട്ടിയുടെ പ്രതീക്ഷ. നേരിട്ട് തെരഞ്ഞെടുപ്പ് നടക്കുന്ന ദേശീയ അസംബ്ലിയിലെ 272 സീറ്റുകളില്‍ 141-ഉം പഞ്ചാബിലാണ്. അതുകൊണ്ടു തന്നെ ഇവിടുത്തെ മുന്നേറ്റം വിജയത്തില്‍ നിര്‍ണായകമാണ്. 137 സീറ്റിന്റെ ഭൂരിപക്ഷമാണ് സര്‍ക്കാര്‍ രൂപികരിക്കാന്‍ വേണ്ട്. എന്നാല്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-നാവസിന്റെ (പി.എം.എല്‍-എന്‍) പരമ്പരാഗത ശക്തി കേന്ദ്രമാണ് പഞ്ചാബ് പ്രവിശ്യ. ഇവിടുത്തെ പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ച് വിജയമുറപ്പിക്കാനാണ് ഇംറാന്റെ പദ്ധതി. ഇവിടുത്തെ നാലിലൊന്നു സീറ്റുകളിലും ജയം നിര്‍ണയിക്കുന്നത് ഇത്തരം കക്ഷികളാണ്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട നവാസും മകള്‍ മറിയവും ജയിലിലായതും തെരഞ്ഞെടുപ്പു പ്രചാരണ വിഷയമാണ്. പി.ടി.ഐയുടെ എതിരാളികളായ പി.എം.എല്‍-എന്‍, പാക്കിസ്ഥാന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (പി.പി.പി) എന്നിവര്‍ തെരഞ്ഞെടുപ്പു സര്‍വേകളില്‍ തിരിമറി നടന്നതായും ആരോപണമുന്നയിച്ചിരുന്നു. ഒരു ദേശീയ സര്‍വെ പ്രവചിച്ചത് ഇംറാന്റെ പി.ടി.ഐ അധികാരത്തിലെത്തുമെന്നായിരുന്നു. നവാസിന്റെ പാര്‍ട്ടി തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് മറ്റൊരു സര്‍വെയും പറയുന്നു. തൂക്കു സഭയാണെങ്കില്‍ സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പി.ടി.ഐ ഇല്ലെന്നാണ് ഇംറാന്റെ നിലപാട്. സഖ്യത്തിലൂടെ വലിയ പരിഷ്‌ക്കരണം കൊണ്ടു വരാന്‍ സാധ്യമല്ലെന്നും അദ്ദേഹം പറയുന്നു. 

ഷഹബാസ് ശരീഫ്
മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ സഹോദരനും പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയുമായ ഷഹബാസ് ശരീഫ് ആണ് നവാസിന്റെ അഭാവത്തില്‍ പി.എം.എല്‍-എന്നിനെ തെരഞ്ഞെടുപ്പില്‍ നയിക്കുന്നത്. നവാസും മകള്‍ മറിയവും ജയിലിലായത് സഹതാപ വോട്ടുകളായി മാറുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. അഴിമതിക്കേസില്‍ കോടതി ശിക്ഷ വിധിക്കുമ്പോള്‍ കാന്‍സര്‍ ബാധിച്ച് ലണ്ടനിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഭാര്യയുടെ അടുത്തായിരുന്നു നവാസും മറിയവും. തങ്ങള്‍ തെറ്റുകാരല്ലെന്നും ശിക്ഷ ഏറ്റുവാങ്ങാന്‍ പാക്കിസ്ഥാനില്‍ തിരിച്ചെത്തുമെന്നും പ്രഖ്യാപിച്ച ഇരുവരും കഴിഞ്ഞയാഴ്ചയാണ് പാക്കിസ്ഥാനില്‍ തിരിച്ചെത്തി തടവിലായത്.  പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ പഞ്ചാബിലെ നിര്‍ണായക പ്രാദേശിക കക്ഷികളുടെ പിന്തുണ ഇംറാന്‍ സ്വന്തമാക്കിയതോടെ വലതു പക്ഷക്കാരുടെ യാഥാസ്ഥിതിക വോട്ടുകള്‍ നവാസിന്റെ പാര്‍ട്ടിക്ക് അനുകൂലമാകുമെന്നും കരുതപ്പെടുന്നു. നവാസ് പാക്കിസ്ഥാനില്‍ തിരിച്ചെത്തിയ ദിവസം ജനപിന്തുണ തെളിയിക്കാന്‍ കൂറ്റന്‍ പാര്‍ട്ടി റാലി സംഘടിപ്പിച്ച കേസില്‍ 66കാരനായ ശഹബാസിനെ പ്രതി ചേര്‍ത്തിട്ടുണ്ട്. പാക്കിസ്ഥാനെ മലേഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളെ പോലെ ആക്കിമാറ്റുമെന്നാണ് ശഹബാസിന്റെ പ്രഖ്യാപനം.

ബിലാവല്‍ ഭുട്ടോ സര്‍ദാരി
രണ്ടു മുന്‍ പ്രധാനമന്ത്രിമാരുടേയും മുന്‍ പ്രസിഡന്റിന്റേയും കുടുംബത്തില്‍ നിന്നാണ് പ്രധാനമന്ത്രി പദവി സ്വപ്‌നം കാണുന്ന പാക്കിസ്ഥാന്‍ പീപ്പ്ള്‍സ് പാര്‍ട്ടി (പി.പി.പി) നേതാവ് ബിലാവല്‍ ഭുട്ടോ സര്‍ദാരി എന്ന 29-കാരന്‍ വരുന്നത്. മുത്തച്ഛന്‍ സുല്‍ഫിക്കര്‍ അലി ഭുട്ടോയും അമ്മ ബേനസീര്‍ ഭുട്ടോയും പ്രധാനമന്ത്രിമാരായിരുന്നു. അച്ഛന്‍ ആസിഫ് അലി സര്‍ദാരി മുന്‍ പ്രസിഡന്റും. 2007-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബേനസീര്‍ കൊല്ലപ്പെട്ടത്. വലിയ സാധ്യതകളൊന്നും കല്‍പ്പിക്കപ്പെടുന്നില്ലെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തൂക്കുസഭ വരികയാണെങ്കില്‍ ബിലാവലിന്റെ നേതൃത്വത്തില്‍ പി.പി.പി ഒരു നിര്‍ണായക ശക്തിയായി മാറുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. മുന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയുടെ മോശം പ്രതിച്ഛായയാണ് പി.പി.പിയുടെ തലവേദന. ആസിഫലിക്കെതിരായ അഴിമതി ആരോപണങ്ങള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Latest News