ഹൈദരാബാദ്- തെലങ്കാനയിലെ നിർമൽ ജില്ലയിൽ ആംബുലൻസ് കാത്തിരുന്ന ആദിവാസി യുവതി റോഡിൽ കുഞ്ഞിന് ജന്മം നൽകി.വീട്ടുകാർ ഫോണിൽ വിളിച്ചിട്ടും ആംബുലൻസ് എത്താത്തതിനാൽ യുവതിയെ യഥാസമയം ആശുപത്രിയിലേക്ക് മാറ്റാനായില്ല. വാഹനത്തിൽ ഇന്ധനമില്ലെന്നാണ് ആംബുലൻസ് ഡ്രൈവർ മറുപടി നൽകിയത്.
വ്യാഴാഴ്ച രാത്രിയാണ് പെമ്പി മണ്ഡലത്തിലെ തുളസിപ്പേട്ട് ഗ്രാമത്തിൽ നിന്നുള്ള ഗംഗാമണിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഗ്രാമത്തിൽ റോഡ് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ, യുവതിയെ വീട്ടുകാർ കൈകളിലേന്തി അരുവി കടന്ന് അടുത്തുള്ള റോഡിലെത്തി. സർക്കാർ ആശുപത്രിയിലെത്താൻ 108 ആംബുലൻസിൽ വിളിച്ചപ്പോൾ വാഹനത്തിൽ ഇന്ധനം തീർന്നതായി അറിയിച്ചു. നാല് മണിക്കൂറോളം വേദന സഹിച്ച യുവതി ഒടുവിൽ വഴിയിൽ പ്രസവിക്കുകയായിരുന്നു.
പ്രസവശേഷം മാത്രമാണ് ആംബുലൻസ് എത്തിയത്. സ്ത്രീയേയും കുഞ്ഞിനേയും സുരക്ഷിതരായി ആശുപത്രിയിലേക്ക് മാറ്റി.