ഗ്വാളിയോര്‍- ഭര്‍ത്താവിന്റെ സ്വത്തുകള്‍ വിറ്റ ശേഷം കാമുകനുമായുള്ള വിവാഹത്തിന് തടസ്സമായ എട്ടു വയസ്സുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ ബാലന്റെ അമ്മയും കാമുകനും ഉള്‍പ്പെടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗ്വാളിയോറിലെ ശിവനഗറിലെ വീട്ടില്‍ നിന്നും ജൂലൈ 13-ന് മകനെ കാണാതായെന്ന പരാതിയുമായി യുവതി തന്നെയാണ് പോലീസിനെ സമീപിച്ചത്. പോലീസ് സമീപ പ്രദേശങ്ങളില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് സ്വഭാവിക നടപടിയെന്നോണം അമ്മയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് സംഭവം പുറത്തായതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മൊബൈലിലേക്ക് സന്ദീപ് ജാതവ് എന്നയാള്‍ നിരന്തരം വിളിക്കുന്നതായി കണ്ടെത്തി. ജാതവിന്റെ വിളികളെ കുറിച്ച് ചോദിച്ചപ്പോള്‍ യുവതി പരിഭ്രമത്തിലായത് പോലീസിന്റെ സംശയം വര്‍ധിപ്പിച്ചു. ജാതവ് എന്തിനാണ് നിരന്തരം വിളിക്കുന്നതെന്ന് വ്യക്തമായ മറുപടി നല്‍കാന്‍ യുവതിക്കായില്ല. തുടര്‍ന്ന് പോലീസ് ജാതവിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയായിരുന്നു.
ആദ്യം ഇയാള്‍ ഒന്നും തുറന്നു പറഞ്ഞില്ലെങ്കിലും യുവതിയെ കൂടി ഹാജരാക്കിയതോടെ ഇയാള്‍ പൊട്ടിക്കരഞ്ഞു കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിയു കുറ്റം സമ്മതിച്ചു. തങ്ങളുടെ ബന്ധത്തിന് തടസ്സമായതിനാലാണ് മകനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് നടത്തിയ തെരച്ചലില്‍ ബാലന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തി. ഗ്വാളിയോറില്‍ നിന്നും നൂറു കിലോമീറ്ററോളം അകലെ സബല്‍ഗഡിലെ വനപ്രദേശത്താണ് മൃതദേഹം തള്ളിയതെന്ന് ജാതവ് വെളിപ്പെടുത്തി. ഇവിടെ ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെടുത്തത്. ഫോറന്‍സിക് പരിശോധനയ്ക്കായി മൃതദേഹം മാറ്റി.
കഴിഞ്ഞ രണ്ടു വര്‍ഷമായി തനിക്ക് ജാതവുമായി ബന്ധമുണ്ടെന്ന് യുവതി പറഞ്ഞു. ഭര്‍ത്താവിന്റെ മാനസിക രോഗം കാരണമാണ് ജാതവിനെ വിവാഹം ചെയ്യാന്‍ പദ്ധതിയിട്ടതെന്നും യുവതി പോലീസിനോട് പറഞ്ഞു. ജാതവുമായുള്ള തന്റെ അവിഹിത ബന്ധം അറിഞ്ഞതിനെ തുടര്‍ന്ന് ഒരു മാസം മുമ്പാണ് മകനെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കിയതെന്നും യുവതി വെളിപ്പെടുത്തി. കൊലപാതകത്തിന് സഹായം ചെയ്തതിനാണ് മറ്റു നാലു പേരെ അറസ്റ്റ് ചെയ്തത്.