ബംഗളൂരു- മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെ കൂടി കര്‍ണാകട പോലീസ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മോഹന്‍ നായക്, അമിത് ബഡ്ഡി, ഗണേഷ് മിസ്‌കിന്‍ എന്നിവരേയാണ് കര്‍ണാടകയിലെ സുള്ള്യ, ഹുബ്ലി എന്നിവിടങ്ങളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്യാനായി 15 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മറ്റൊരു പ്രതിയെ സംബന്ധിച്ച സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്. ഇയാളെ പിടികൂടാനുള്ള നീക്കമാരംഭിച്ചു. ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ ശക്തമായി ശബ്ദിച്ചിരുന്ന ഗൗരി ലങ്കേഷ് 2017 സെപ്തംബറിലാണ് ബംഗളൂരുവിലെ വീട്ടുമുറ്റത്ത് വെടിയേറ്റു കൊല്ലപ്പെട്ടത്.
അറസ്റ്റിലായ അമിത് ബഡ്ഡി സ്വര്‍ണപ്പണിക്കാരനും ഗണേഷ് മിസ്‌കിന്‍ സാമ്പ്രാണിത്തിരി നിര്‍മ്മിക്കുന്നയാളുമാണ്. കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കൊലപാതകത്തില്‍ ഇവരുടെ പങ്കിനെ കുറിച്ച് പോലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. സുള്ള്യയില്‍ നിന്ന് പിടികൂടിയ 50കാരന്‍ മോഹന്‍ നായക്കിന്റെ അറസ്റ്റ് കേസില്‍ നിര്‍ണായകമാകുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷണം ഉടന്‍ അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ഗൗരി ലങ്കേഷിനു നേര്‍ക്ക് വെടിയുതിര്‍ത്തെന്ന് പോലീസ് പറയുന്ന പ്രതി പരശുറാം വാഗമാറെയെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഗമാറെ, അമോല്‍ കല്ലെ, പ്രവീണ്‍ എന്നീ പ്രതികള്‍ക്ക് ഗൂഢാലോചന നടത്താന്‍ താവളമൊരുക്കി കൊടുത്തത് മോഹന്‍ നായക്കാണെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നടന്ന കൊലപാതകത്തില്‍ ഫെബ്രുവരിയിലാണ് പ്രതികള്‍ പിടിയിലായിത്തുടങ്ങിയത്. ഇതുവരെ പത്തോളം പ്രതികളെ അറസ്റ്റ് ചെയ്തു.