മലപ്പുറം -തുവ്വൂരില്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായ സുജിതയെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളുമായി പോലീസ് കൊലപാതകം നടന്ന വീട്ടില്‍ തെളിവെടുപ്പ് നടത്തി. വന്‍ ജനക്കൂട്ടമാണ് പ്രതികളെ കാണാന്‍ വീടിന് പരിസരത്ത് തടിച്ച് കൂടിയത്. തെളിവെടുപ്പിനിടെ പ്രതികളെ മര്‍ദ്ദിക്കാന്‍ ചിലര്‍ ശ്രമം നടത്തിയെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു.
പ്രധാന പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു, സഹോദരങ്ങളായ വൈശാഖ്, വിവേക്, സുഹൃത്ത് ഷിഹാന്‍ എന്നിവര്‍ കൊലപാതകം നടത്തിയതും തെളിവ് നശിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും പൊലീസിന് മുന്നില്‍ വിവരിച്ചു. വിഷ്ണുവിന്റെ വീട്ടിലെ മുറിയില്‍ വച്ച് പകല്‍ സുജിതയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊന്ന ശേഷം രാത്രിവരെ മൃതദേഹം കട്ടിലിന് അടിയില്‍ സൂക്ഷിക്കുകയും പിന്നീട് പട്ടിക്കൂടിന് സമീപത്തെ മാലിന്യ കുഴി വലുതാക്കി മൃതദേഹം മണ്ണിട്ട് മൂടുകയുമായിരുന്നു. മൃതദേഹം സൂക്ഷിച്ച പായയും മണ്‍വെട്ടിയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ സമീപത്ത് നിന്ന് പൊലീസ് കണ്ടെത്തി. സുജിതയുടെ മൊബൈല്‍ ഫോണ്‍ കുളത്തില്‍ ഉപേക്ഷിച്ചെന്നാണ് മുഖ്യപ്രതിയായ വിഷ്ണു മൊഴി നല്‍കിയിരിക്കുന്നത്. ഇത് കണ്ടെത്താനായി തെരച്ചില്‍ നടക്കുകയാണ്.