തിരുവനന്തപുരം- തിരുവനന്തപുരം ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ഡയാലിസിസ് ഉടന്‍ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡയാലിസിസ് രോഗികള്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി പി. രാധാമണി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
നിരന്തരമായി ഡയാലിസിസിനു വിധേയരാകേണ്ട വിധം രോഗ ബാധിതരായ ആളുകളുടെ ആവശ്യങ്ങളോട് അവഗണനയോ അനാസ്ഥയോ കാണിക്കുന്നത് മുഴുവന്‍ സമൂഹത്തോടും കാണിക്കുന്ന ക്രൂരതയാണെന്ന് അവര്‍ പറഞ്ഞു.ഒരു മാസത്തിനകം അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഡയാലിസിസ് പുനരാരംഭിക്കാമെന്ന ഉറപ്പില്‍ ഫോര്‍ട്ട് ആശുപത്രിയില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരി 20 ന് ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയ ഡയാലിസിസ് രോഗികളും കുടുംബാംഗങ്ങളുമാണ് ധര്‍ണ്ണ നടത്തിയത്. ആറു മാസം കഴിഞ്ഞിട്ടും മരാമത്തുപണികള്‍ പൂര്‍ത്തിയാക്കാന്‍ ചുമതലപ്പെട്ട തിരുവനന്തപുരം കോര്‍പ്പറേഷന്‍ അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരും അതിനു സന്നദ്ധരാകാതെ വന്ന സാഹചര്യത്തിലാണ് രോഗികള്‍ തെരുവിലിറങ്ങാന്‍ നിര്‍ബ്ബന്ധിതരായത്.
ധര്‍ണ്ണയില്‍ പങ്കെടുത്ത ഡയാലിസിസ് രോഗികള്‍ക്കും ബന്ധുകള്‍ക്കും പിന്തുണ അറിയിച്ചു കൊണ്ട് ഇ.പി. അനില്‍, സീറ്റ ദാസന്‍ എന്നിവര്‍ സംസാരിച്ചു. പി.കെ. വേണുഗോപാലന്‍ സ്വാഗതം പറഞ്ഞു.
ടി.സജി. ഉദയ് കുമാര്‍, കെ.വി. വേണു , ലളിത, ഗിരിജ, ശാലിനി, വത്സല, ചിത്ര തുടങ്ങിയവര്‍ ധര്‍ണ്ണക്കു നേതൃത്വം നല്‍കി.