ചെന്നൈ- കശ്മീർ ഫയൽസിന് ദേശീയ പുരസ്‌കാരം നൽകിയതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്ത്. ദ കശ്മീർ ഫയൽസിന് ദേശീയ അവാർഡ് നൽകിയത് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സ്റ്റാലിൻ പറഞ്ഞു. സിനിമസാഹിത്യ പുരസ്‌കാരത്തിൽ രാഷ്ട്രീയം ഒഴിവാക്കണം. തരംതാഴ്ന്ന രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഇത്തരത്തിൽ അവാർഡുകളെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം
*റോക്കട്രി മികച്ച ചിത്രം, അല്ലു അർജുൻ നടൻ, ആലിയ ഭട്ട്, കൃതി സനോൺ നടിമാർ
ന്യൂദൽഹി- 69-മത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ നടൻ ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം. ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇന്ദ്രൻസിന് പ്രത്യേക പരാമർശം ലഭിച്ചത്.
ഐ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഹിന്ദിയിൽ ആർ. മാധവൻ ഒരുക്കിയ റോക്കട്രി: ദ നമ്പി എഫക്ട് ആണ് മികച്ച ചിത്രം. മികച്ച നടനായി അല്ലു അർജുനും (പുഷ്പ), മികച്ച നടിമാരായി ആലിയ ഭട്ട് (ഗംഗുഭായ് കത്തിയവാഡി), കൃതി സനോൺ (മിമി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. മറാത്തി ചിത്രമായ ഗോദാവരിയുടെ സംവിധായകൻ നിഖിൽ മഹാജനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം.
ഹോം ആണ് മികച്ച മലയാളം സിനിമ. മികച്ച നവാഗത സംവിധായകനുള്ള അവാർഡ് മേപ്പടിയാൻ ചിത്രത്തിലൂടെ വിഷ്ണു മോഹൻ സ്വന്തമാക്കി. മികച്ച പരിസ്ഥിതി ചിത്രം ആവാസ വ്യൂഹം, മികച്ച തിരക്കഥ ഷാഹി കബീർ (നായാട്ട്), മികച്ച ഓഡിയോഗ്രഫി അരുൺ അശോക്, സോനു കെ.പി (ചവിട്ട്) എന്നിവയാണ് മലയാളത്തിന് ലഭിച്ച അവാർഡുകൾ.
മികച്ച അവലംബിത തിരക്കഥ സഞ്ജയ് ലീല ബൻസാലി, ഉത്കർഷനി വസിഷ്ഠ (ഗംഗുഭായ് കത്തിയവാഡി), മികച്ച ജനപ്രിയ ചിത്രം ആർ.ആർ.ആർ, മികച്ച പശ്ചാത്തല സംഗീതം കീരവാണി (ആർ.ആർ.ആർ), മികച്ച സംഗീത സംവിധാനം പുഷ്പ, മികച്ച സ്റ്റണ്ട് കൊറിയോഗ്രഫി കിംഗ് സോളമൻ (ആർ.ആർ.ആർ) എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌കാരം കശ്മീർ ഫയൽസ് നേടി. ഭവൻ റബറി (ചെല്ലാ ഷോ) മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാലചിത്രം ഗാന്ധി ആൻഡ് കോയും മികച്ച ഗായികക്കുള്ള പുരസ്‌കാരം ശ്രേയ ഘോഷലും (ഇരവിൻ നിഴൽ) മികച്ച ഗായകനുള്ള പുരസ്‌കാരം കാലഭൈരവ (ആർ.ആർ.ആർ) യും നേടി. നോൺഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള പുരസ്‌കാരം അതിഥി കൃഷ്ണദാസ് സംവിധാനം ചെയ്ത 'കണ്ടിട്ടുണ്ട്' സ്വന്തമാക്കി. മൂന്നാം വാൾവ് ആണ് നോൺഫീചർ വിഭാഗത്തിൽ മികച്ച പരിസ്ഥിതി ചിത്രം.