കൊച്ചി- പതിനഞ്ചുവയസ്സുകാരനെ വീട്ടിൽ നിന്നു വിളിച്ചു കൊണ്ട് പോയി പണം ആവശ്യപ്പെട്ട് മർദിച്ച കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം അഞ്ച് പേർ അറസ്റ്റിൽ. പനങ്ങാട് കുമ്പളം സ്വദേശിയായ സ്കൂൾ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി കുമ്പളം റെയിൽവേ ഗേറ്റിലും നെട്ടൂർ ശിവക്ഷേത്രത്തിന് പുറകുവശത്തുമെത്തിച്ച് പണം കൊടുത്തില്ലെങ്കിൽ കല്ല് കൊണ്ട് ഇടിച്ചു കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും വടി കൊണ്ട് അടിച്ച് പരിക്കേൽപിക്കുകയും ചെയ്തതിനാണ് കേസ്. പ്രതികളായ കുമ്പളം ചിറ്റേഴത്ത് വിട്ടിൽ ആദിത്യൻ(19), നെട്ടൂർ പള്ളിക്ക് പുറക് വശം പുത്തൻവേലി വീട്ടിൽ ആശിർവാദ്(19), നെട്ടൂർ പുറക്കേലി റോഡിൽ തൈക്കൂട്ടത്തിൽ വീട്ടിൽ ആഷ്ലി ആൻറണി(18), നെട്ടൂർ മാർക്കറ്റിന് പുറക് വശം ഇല്ലിത്തറ വീട്ടിൽ ആദിത്യൻ(20) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ കൂടി പ്രതിയാണ്. അറസ്റ്റിലായ കുമ്പളം സ്വദേശിയായ ആദിത്യൻ നരഹത്യാശ്രമം, മോഷണം, പോക്സോ വകുപ്പുകൾ പ്രകാരമുള്ള കേസുകളിലും ആശിർവാദ് നരഹത്യാ ശ്രമ കേസിലും മോഷണ കേസുകളിലും ആഷ്ലിൻ നിരവധി മോഷണക്കേസുകളിലും പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻറ് ചെയ്തു.