ജിദ്ദ- സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ നാളെ വരെ മഴ തുടരുമെന്നും കാലാവസ്ഥ വ്യതിയാനമുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രവചിച്ചു. മഴയുടെ തീവ്രത ഓരോ പ്രദേശത്തും വ്യത്യസ്തമായിരിക്കും. അസീർ, അൽബഹ, ജിസാൻ, മക്ക, മദീന, നജ്‌റാൻ എന്നീ ഭാഗങ്ങളിൽ കനത്ത മഴയായിരിക്കും. ജാഗ്രത പാലിക്കണമെന്നും, സുരക്ഷിതമായ സ്ഥലങ്ങളിൽ താമസിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. വെള്ളക്കെട്ടുകൾ, താഴ്‌വരകൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കണമെന്നും അവയിൽ നീന്തരുതെന്നും ആവശ്യപ്പെട്ടു.
തായിഫ്, മെയ്‌സാൻ, അദം, അൽഅർദിയാത്ത്, അൽകാമിൽ, പ്രദേശങ്ങളിൽ പൊടിക്കാറ്റ്, പേമാരി, ആലിപ്പഴം വർഷം, വേഗതയേറിയ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. മക്ക, അൽജുമും, ബഹ്‌റ, ഖുൻഫുദ, ലെയ്ത്ത്, അൽഖുർമ, റാനിയ, തുർബ, മദീന, നജ്‌റാൻ എന്നീ പ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകി.