ആല്‍ബര്‍ട്ട- കാനഡയുടെ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡിന് വാഹനം അമിത വേഗതയില്‍ ഓടിച്ചതിന് പിഴ. പരിധിയില്‍ കവിഞ്ഞ വേഗതയ്ക്ക് പിഴ നോട്ടീസ് ലഭിച്ച കാര്യം ഫ്രീലാന്‍ഡ് തന്നെയാണ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
ഗ്രാന്‍ഡെ പ്രേരിയ്ക്കും പീസ് റിവറിനും ഇടയില്‍ വാഹനമോടിക്കുന്നതിനിടയിലാണ് തന്നെ ട്രാഫിക് പോലീസ് പിടികൂടിയതെന്ന് ക്രിസ്റ്റിയ ഫ്രീലാന്‍ഡ് പറഞ്ഞു.
താന്‍ വളരെ വേഗത്തിലാണ് ഡ്രൈവ് ചെയ്തതെന്നും ഇനിയത് ആവര്‍ത്തിക്കില്ലെന്നും അവര്‍ പറഞ്ഞു. മണിക്കൂറില്‍ 132 കിലോമീറ്റര്‍ വേഗത കൈവരിച്ചതിന് 273 ഡോളറാണ് പിഴ ചുമത്തിയത്. ആല്‍ബെര്‍ട്ടയില്‍ ഹൈവേകളിലെ പരമാവധി വേഗതാ പരിധി മണിക്കൂറില്‍ 110 കിലോമീറ്ററാണ്.
ഡൗണ്‍ടൗണ്‍ ടൊറന്റോ റൈഡിംഗിനെ പ്രതിനിധീകരിക്കുന്ന ഉപപ്രധാനമന്ത്രി കാട്ടുതീയില്‍ നിന്ന് രക്ഷപ്പെട്ടവരും ആല്‍ബെര്‍ട്ട പ്രീമിയര്‍ ഡാനിയേല്‍ സ്മിത്തും ഊര്‍ജ മേഖലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ എത്തിയപ്പോഴായിരുന്നു ട്രാഫിക് നിയമ ലംഘനത്തിന് പിടിക്കപ്പെട്ടത്.
പിഴയുടെ മുഴുവന്‍ തുകയും ധനമന്ത്രി നല്‍കിയതായി ഫ്രീലാന്‍ഡിന്റെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.