Sorry, you need to enable JavaScript to visit this website.

മാതാവിനേക്കാള്‍ സുരക്ഷ ഗോമാതാവിന്; ബി.ജെ.പിക്കെതിരെ രൂക്ഷവിമര്‍ശവുമായി ശിവസേന

മുംബൈ- ആള്‍ക്കൂട്ട ഭീകരതയുമായി ബന്ധപ്പെട്ട് ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിച്ച് ശിവസേന രംഗത്ത്. ഇന്ത്യയില്‍ പശുക്കളാണ് സ്ത്രീകളേക്കാള്‍ സുരക്ഷിതരെന്ന് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. ഞങ്ങള്‍ സര്‍ക്കാരിന്റെ ഭാഗം തന്നെയാണ്. എന്നാല്‍ ഏതെങ്കിലും കാര്യം തെറ്റാണെങ്കില്‍ അതേക്കുറിച്ച് സംസാരിക്കുക തന്നെ ചെയ്യും. ഞങ്ങള്‍ ബി.ജെ.പിയുടെ സുഹൃത്തുക്കളാണ്, മറ്റൊരു പാര്‍ട്ടിയുടേതുമല്ല- ഉദ്ധവ് താക്കറെ പറഞ്ഞു.
കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ശിവസേന ബി.ജെ.പിയുടെ സഖ്യകക്ഷിയാണ്. ബി.ജെ.പി ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വ വ്യാജമാണെന്നും ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ശിവസേന നേതാവ് ആരോപിച്ചു. ഈ രാജ്യത്ത് പശുക്കള്‍ സുരക്ഷിതമാണ്, എന്നാല്‍ സ്ത്രീകളല്ല- സേനാ മുഖപത്രമായ സാംനയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ഉദ്ധവ് താക്കറെ പറഞ്ഞു.
ഗോ സംരക്ഷണത്തിന്റെ പേരില്‍ ആരെങ്കിലും ബീഫ് കഴിക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കുന്നതിലേക്ക് നിങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ അത് ലജ്ജാകരമാണ്. ഇത് ഹിന്ദുത്വമല്ല. നമ്മുടെ സ്ത്രീകള്‍ സുരക്ഷിതരല്ല. നിങ്ങള്‍ ഗോക്കളെ സംരക്ഷിക്കുന്നു- അദ്ദേഹം പറഞ്ഞു.
പശുക്കളെ കശാപ്പ് ചെയ്യണമെന്ന് ശിവസേന ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷേ, പശുക്കള്‍ സംരക്ഷിക്കപ്പെടുമ്പോള്‍ ഇന്ത്യ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി മാറുകയാണ്. ലജ്ജാകരമാണിത്. ഗോ മാതാവിനെ സംരക്ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. പക്ഷേ, മാതാവിന്റെ കാര്യമോ  -ഉദ്ധവ് താക്കറെ ചോദിച്ചു.
ആരാണ് ദേശീയവാദിയെന്നും ആരാണ് ദേശവിരുദ്ധനെന്നും തീരുമാനിക്കാനുള്ള അവകാശം ബി.ജെ.പിക്കില്ലെന്ന് ദേശീയത സംബന്ധിച്ച് ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരുന്ന ചര്‍ച്ചക്ക് ഉദ്ധവ് താക്കറെ മറുപടി നല്‍കി. സര്‍ക്കാരിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അയാള്‍ ദേശവിരുദ്ധനാകാന്‍ പാടില്ല. പാര്‍ലമെന്റ് അംഗങ്ങള്‍ ജനപ്രതിനിധികളാണ്, അവര്‍ക്ക് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അവകാശമുണ്ട്. രാജ്യത്തെ പാവങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാത്ത നയങ്ങളെയാണ് തന്റെ പാര്‍ട്ടി എതിര്‍ക്കുന്നത്. സര്‍ക്കാര്‍ തെറ്റായ ചുവടുകള്‍ വെച്ചാല്‍ താന്‍ അതിനെ വിമര്‍ശിക്കും. ബി.ജെ.പിയെ പ്രീണിപ്പിക്കാനുള്ള രീതി സ്വീകരിക്കാനാവില്ല. മുന്‍ യു.പി.എ സര്‍ക്കാരിനെ പരാജയപ്പെടുത്തിയ ജനങ്ങള്‍ക്ക് എന്‍.ഡി.എ സര്‍ക്കാരില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ മുമ്പത്തെ സര്‍ക്കാരിനെ പോലെ തന്നെയാണ് ഈ സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്- ശിവസേന നേതാവ് പറഞ്ഞു.

 

Latest News