Sorry, you need to enable JavaScript to visit this website.

ഡേവിഡ് ഹെഡ്‌ലിക്ക് യു.എസ് ജയിലില്‍ മര്‍ദനമേറ്റു; നില ഗുരുതരം

ചിക്കാഗോ- മുംബൈയിലെ 26/11 ഭീകരാക്രമണ കേസില്‍ കുറ്റക്കാരനെന്നു വിധിച്ച പാക്കിസ്ഥാനി-അമേരിക്കന്‍ വംശജന്‍ ഡേവിഡ് ഹെഡ്‌ലിക്ക് അമേരിക്കയിലെ ജയിലില്‍വെച്ച് മര്‍ദനമേറ്റു. ചിക്കാഗോയിലെ മെട്രോപോളിറ്റന്‍ കറക്്ഷണല്‍ സെന്ററില്‍ രണ്ട് സഹതടവുകാരുടെ മര്‍ദനമേറ്റ ഹെഡ്‌ലിയുടെ നില ഗുരുതരമായി തുടരുകയാണ്. പാക്കിസ്ഥാനുവേണ്ടിയും തീവ്രവാദികള്‍ക്കുവേണ്ടിയും ഇരട്ട ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ഹെഡ്‌ലിക്ക് ഈ മാസം എട്ടിനാണ് രണ്ടു തടവുപുള്ളികളുടെ മര്‍ദനമേറ്റത്. ഗുരുതര പരിക്കുകളുമായാണ് ഹെഡ്്‌ലിയെ നോര്‍ത്ത് ഇവാന്‍സ്റ്റണ്‍ ഹോസ്പിറ്റലില്‍ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഹെഡ്‌ലി ഇപ്പോഴും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. പോലീസുകാരെ ആക്രമിച്ച കേസില്‍ ജയിലിലായ ഇരട്ട സഹോദരന്മാരാണ് ഹെഡ്‌ലിയെ ആക്രമിച്ചത്.
മുംബൈ 26/11  ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഹെഡ്‌ലിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ മുംബൈ കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന വിസ്തരിച്ചിരുന്നു.
പ്രശസ്ത പാക്കിസ്ഥാനി നയതന്ത്രജ്ഞനും മാധ്യമ പ്രവര്‍ത്തകനുമായ സെയ്ത് സലിം ഗീലാനിക്ക് വാഷിംഗ്ടണില്‍ ജനിച്ച മകനാണ് ഡേവിഡ് കോള്‍മാന്‍ ഹെഡ്്‌ലിയെന്ന ദാവൂദ് സെയ്ത് ജീലാനി.
അമേരിക്കയില്‍ മയക്കുമരുന്ന് കടത്ത് തടയുന്ന ഏജന്‍സിയുടെ പിടിയിലായ ഹെഡ്‌ലി യു.എസ് ചാരനായി മാറുകയായിരുന്നു. യു.എസ് അധികൃതരുടെ അറിവില്ലാതെ പാക്കിസ്ഥാനിലെത്തിയ ഹെഡ്‌ലി പിന്നീട് ലശ്കര്‍ ആശയങ്ങളില്‍ ആകൃഷ്ടനായി. ലശ്കര്‍ നേതാവ് ഹാഫിസ് സഈദിന്റെ അടുത്ത സുഹൃത്തായി. 2002 ഫെബ്രുവരയില്‍ ഇയാള്‍ ലശ്കര്‍ പരിശീലന ക്യാമ്പില്‍ പോയി മൂന്ന് സാം നീണ്ട പരിശീലനത്തില്‍ പങ്കെടുത്തു. 2006 ല്‍ രണ്ടാംഭാര്യയാണ് ഹെഡ്‌ലിയുടെ മാറ്റത്തെ കുറിച്ചും സൈനിക പരിശീലനത്തെ കുറിച്ചും റ്റും അധികൃതരെ അറിയിച്ചത്. പീഡിപ്പിക്കപ്പെടുന്ന ഭാര്യമാര്‍ക്ക് യു.എസ് ഗ്രീന്‍ കാര്‍ഡ് നേടാമെന്ന ആനുകൂല്യത്തിനായി അപേക്ഷിച്ചപ്പോഴായിരുന്നു ഇത്. ചാവേറുകളെ ഹെഡ്‌ലി പ്രകീര്‍ത്തിക്കാറുണ്ടെന്നും ഇവെ മൊഴി നല്‍കിയിരുന്നു.
168 പേര്‍ കൊല്ലപ്പെട്ട മുംബൈയില്‍ ആക്രമിക്കാനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഹെഡ്‌ലി അഞ്ച് തവണ രഹസ്യ സന്ദര്‍ശനം നടത്തിയിരുന്നു. ആക്രമണം നടത്തുന്നതില്‍ പാക് ചാരസംഘടനയായ ഐ.എസ്.ഐക്കുള്ള പങ്ക് ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു.
മുംബൈ ആക്രമണക്കേസില്‍ 2013  ജനുവരിയില്‍ 35 വര്‍ഷം ജയില്‍ ശിക്ഷ വിധിക്കപ്പെട്ട ഹെഡ്്‌ലി മുംബൈ കോടതി മുമ്പാകെ ഹാജരാകാന്‍ വിസമ്മതിച്ചിരുന്നു.

 

Latest News