ന്യൂദൽഹി- ഇന്ത്യയുടെ ചാന്ദ്രയാൻ ദൗത്യത്തെ പരിഹസിക്കുന്ന വിവാദ കാർട്ടൂൺ പങ്കുവെച്ചെന്ന് ആരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ എക്‌സിൽ രൂക്ഷ വിമർശം. പ്രകാശ് രാജിനെതിരായ വിദ്വേഷ പോസ്റ്റുകൾ എക്സിൽ ട്രൻഡായിരിക്കയാണ്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിൽ പ്രകാശ് രാജിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. പ്രകാശ് രാജിനെ അറസ്റ്റ് ചെയ്യണമെന്ന ട്വീറ്റാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ട്രെൻഡായത്.
സോഷ്യൽ മീഡിയയിൽ സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാറുള്ള പ്രകാശ് രാജ് വിദ്വേഷവും ട്രോളുകളും ഏറ്റുവാങ്ങാറുണ്ട്. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തെ പരിഹസിച്ച താരത്തെ അറസ്റ്റ് ചെയ്യണമെന്നാണ് എക്സ് ഉപയോക്താക്കൾ ആവശ്യപ്പെടുന്നത്.
ലുങ്കി ധരിച്ച ഒരാൾ ചായ ഒഴിക്കുന്ന കാർട്ടൂണാണ് പ്രകാശ് രാജ് പങ്കുവെച്ചിരുന്നത്. ചന്ദ്രയാൻ -3 ലാൻഡിംഗിന് മുന്നോടിയായി വിക്രം ലാൻഡറിനെ താരം പരിഹസിച്ചുവെന്നാണ് ആരോപണം.ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്രമോഡിയോടുമുള്ള അന്ധമായ വിദ്വേഷമാണ്' അദ്ദേഹത്തിന്റെ പോസ്റ്റിന് പിന്നിലെന്ന് പലരും ആരോപിക്കുന്നു.