ഐസ്വാൾ- മിസോറാമിലെ ഐസ്വാൾ ജില്ലയിൽ നിർമ്മാണത്തിലിരിക്കുന്ന റെയിൽവേ പാലം തകർന്ന് 23 മരണം സ്ഥിരീകരിച്ചു. പാലത്തിലുണ്ടായിരുന്ന 26 തൊഴിലാളികളിൽ 23 പേർ മരിച്ചതായാണ് കരുതപ്പെടുന്നത്. 18 മൃതദേഹങ്ങൾ മാത്രമാണ് പോലീസ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അവിടെ ജോലി ചെയ്തിരുന്നവർ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ച് പേരെ കാണാതായെന്നും അവർ കൂട്ടിച്ചേർത്തു. ജോലി ചെയ്തിരുന്ന 26 പേരും പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ നിന്നുള്ളവരാണ്.
കുറുങ്ങ് നദിക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന പാലത്തിന് മുകളിൽ ഇറക്കുന്ന ഗാൻട്രി തകർന്നതിനെ തുടർന്നാണ് അപകടമെന്ന് റെയിൽവേ അറിയിച്ചു.
ഭൈരവി-സൈരാംഗ് പുതിയ റെയിൽവേ ലൈൻ പദ്ധതിയുടെ 130 പാലങ്ങളിൽ ഒന്നായ നിർമാണത്തിലിരിക്കുന്ന പാലവുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതി രൂപീകരിച്ചു. 18 മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. നബ ചൗദുരി, മൊജമ്മൽ ഹഖ്, നരിം റഹ്മാൻ, രഞ്ജിത് സർക്കാർ, കാഷിം ഷെയ്ഖ്, സമ്രുൾ ഹഖ്, ഝല്ലു സർക്കാർ, സക്കീറുൽ ഷെയ്ഖ്, മസ്രെകുൽ ഹഖ്, സൈദുർ റഹ്മാൻ, റഹീം ഷെയ്ഖ്, സുമൻ സർക്കാർ, സരിഫുൾ ഷെയ്ഖ്, ഇൻസാറുൽ സർഹി, എം ജയൻതൗൾ ഹഖ്. സെഖ്, മനിറുൾ നാദാപ്, സെബുൽ മിയ.
അഞ്ച് തൊഴിലാളികളെ ഇപ്പോഴും കാണാതായിട്ടുണ്ട്. എന്നാൽ അവർ ജീവിച്ചിരിക്കാനുള്ള സാധ്യത വിരളമാണ്- ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൊജാഫർ അലി, സഹിൻ അക്തർ, നൂറുൽ ഹഖ്, സെനൗൾ, അസിം അലി എന്നിവരാണ് കാണാതായ അഞ്ച് തൊഴിലാളികൾ.
തൊഴിലാളികളുടെ മൃതദേഹങ്ങൾ സംസ്‌ഥാനത്ത് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്‌തതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കൊൽക്കത്തയിൽ പറഞ്ഞു.