ന്യൂദൽഹി- ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചപ്പോൾ അന്നത്തെ ഗവർണർ സത്യപാൽ മാലിക്കുമായി ആലോചിച്ചിട്ടെയില്ലെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി സുപ്രീം കോടതിയിൽ ബോധിപ്പിച്ചു. എന്നാൽ ഈ പ്രസ്താവനകൾ വസ്തുതാവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന ഹരജിക്കാരിൽ പിഡിപിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക നിത്യ രാമകൃഷ്ണനാണ് കേന്ദ്ര സർക്കാർ ഗവർണറായി ഒരിക്കൽ പോലും ആലോചിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയത്. ഗവർണർ നൽകിയ വീഡിയോ അഭിമുഖം അവർ കോടതി മുമ്പാകെ സമർപ്പിച്ചു. പത്ര റിപ്പോർട്ട് തെളിവല്ലെന്ന് തിനിക്കറിയാമെന്നും എന്നാൽ ഇതൊരു വീഡിയോയാണെന്നും നിത്യ രാമകൃഷ്ണൻ പറഞ്ഞു.
വാദം കേൾക്കുന്നതിൻറെ ഒമ്പതാമത്തെ ദിവസമാണ് ഗവർണർ സത്യപാൽ മാലിക്കിന്റെ അഭിമുഖം സമർപ്പിച്ചത്. ഭരണഘടനാ ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് പോലും അറിയില്ലെന്നും ഒരു കത്തിൽ ഒപ്പിടാൻ മാത്രമാണ് വിളിപ്പിച്ചതെന്നും അവർ ഇതിനെ ജനങ്ങളുടെ ഇഷ്ടം എന്ന് വിളിക്കുന്നുവെന്നും സത്യപാൽ മാലിക്ക് പറയുന്നു.
ഗവർണർ ഭരണം ഏർപ്പെടുത്തിയത് ഒരു പാർട്ടി പിൻമാറിയതിനാലും മറ്റൊരു രാഷ്ട്രീയ പാർട്ടിയും സർക്കാർ രൂപീകരിക്കാൻ തയ്യാറാവാത്തതിനാലുമായിരുന്നു. സുരക്ഷാ പ്രശ്‌നമോ അപകടമോ കൊണ്ടല്ല. പിന്നെ എന്ത് കാരണത്തലാണ് ഗവർണർക്ക് സഭ പിരിച്ചുവിട്ടത്. ഞങ്ങൾ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് രണ്ട് രാഷ്ട്രീയ പാർട്ടികൾ പറഞ്ഞ് 30 മിനിറ്റിനുള്ളിലാണ് സഭ പിരിച്ചുവിട്ടത്. 87 പേരിൽ 56 പേരും അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ഗവർണർ അവിടെയില്ലായിരുന്നു. സെക്രട്ടറി വാട്ട്‌സ്ആപ്പ് സന്ദേശം അംഗീകരിച്ചതായി രേഖകളുണ്ട്. അദ്ദേഹത്തെ വാട്‌സ്ആപ്പിൽ അറിയിക്കുകയും ഗവർണറെ ടാഗ് ചെയ്‌ത് ഒരു പൊതു ട്വീറ്റ് നൽകുകയും ചെയ്‌തു- രാമകൃഷ്ണൻ ബെഞ്ചിനോട് പറഞ്ഞു.