ഇടുക്കി- കേരളത്തിൽ ഓണമെത്തിയിട്ടും പൂക്കളുടെ വില ഉയരാത്തതിനാൽ തമിഴ്നാട്ടിലെ പൂ വിപണിയിൽ നിരാശ. അത്തം മുതൽ തമിഴ്നാട്ടിൽ പൂ വില ഉയരുന്ന പതിവ് ഇക്കുറി തെറ്റി. അതേ സമയം ഓണത്തിന് കൈപൊള്ളാതെ പൂക്കൾ വാങ്ങാൻ കഴിയുന്നതിന്റെ ആശ്വാസത്തിലാണ് മലയാളി.
ഒട്ടംചത്രം, കോയമ്പത്തൂർ, തെങ്കാശി, സേലം, ദിണ്ഡിഗൽ മാർക്കറ്റുകളിലാണ് കേരളത്തിലേക്കുള്ള പൂക്കൾ ഏറ്റവും അധികം എത്തുന്നത്. ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണാഘോഷം അവധി തുടങ്ങുന്നതിന്റെ തൊട്ടു മുമ്പുളള രണ്ട് ദിവസങ്ങളിലാണ്. ആ ദിവസങ്ങളിൽ ലക്ഷങ്ങളുടെ പൂക്കളാണ് വിറ്റുപോകുന്നത്. പാലക്കാട് പോലുള്ള അതിർത്തി ജില്ലകളിൽ ഗ്രാമപഞ്ചായത്തും സംഘടനകളും ജെണ്ടുമല്ലി കൃഷി വ്യാപകമായി ചെയ്ത് ഓണക്കാല വിളവെടുപ്പ് നടത്തുന്നത് വില നിയന്ത്രണാതീതമായി ഉയരാതെ നിർത്താൻ സാധിച്ചു. സമീപ ദിവസങ്ങളിൽ കർണാടകയിൽ നിന്നും പൂക്കൾ എത്തിതുടങ്ങിയതും കേരളീയർക്ക് ആശ്വാസമായി.
സത്യമംഗലം, ഹൊസൂർ പരിസര പ്രദേശങ്ങളിൽ നിന്നും ഇന്നലെ മാർക്കറ്റിലെത്തിയ മഞ്ഞ ഓറഞ്ച് ജെണ്ടുമല്ലിക്ക് 40 രൂപയും വാടാമല്ലിക്ക് 80ഉം റോസിന് 200ഉം വെള്ള ജമന്തിക്ക് 400ഉം അരളി, കോഴിവാലൻ പൂക്കൾക്ക് 20 രൂപയുമായിരുന്നു വില. ഇക്കുറി മഴ തീരെ ഇല്ലാതിരുന്നതിനാൽ ഇരട്ടിവിളവാണ് ലഭിച്ചത്. ഓണത്തിന് കോയമ്പത്തൂർ,നീലഗിരി ജില്ലകളിൽ തമിഴ്നാട് സർക്കാർ അവധി നൽകിയതും തമിഴ് പൂ വിപണിക്ക് പ്രതീക്ഷ പകരുന്നു.