മോസ്‌കോ- റഷ്യൻ പ്രസിഡന്റ് വ്‌ളാദമിർ പുടിനെ മുൾമുനയിൽ നിർത്തിയിരുന്ന സ്വകാര്യ പട്ടാളമായ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ഗ്നി പ്രിഗോഷിൻ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. രണ്ടു മാസം മുമ്പാണ് പുട്ടിനെതിരെ കലാപക്കൊടി ഉയർത്തി വാഗ്നറുടെ സൈന്യം തലസ്ഥാനമായ മോസ്‌കോ ലക്ഷ്യം വെച്ചു നീങ്ങിയത്. അധികം വൈകാതെ പുടിനുമായി കരാറുണ്ടാക്കി നീക്കത്തിൽനിന്നും വാഗ്നർ പിൻവാങ്ങുകയായിരുന്നു.
റഷ്യയിലെ ട്വെർ മേഖലയിൽ തകർന്നുവീണ പാസഞ്ചർ വിമാനത്തിലെ യാത്രക്കാരിൽ യെവ്ഗ്നി പ്രിഗോഷിനും ഉണ്ടായിരുന്നുവെന്നാണ് റഷ്യയുടെ വ്യോമയാന ഏജൻസിയായ റോസാവിയാറ്റ്‌സിയ പറഞ്ഞത്.
മോസ്‌കോയിൽ നിന്ന് സെന്റ് പീറ്റേഴ്സ്ബർഗിലേക്കുള്ള എംബ്രയർ വിമാനത്തിൽ ഏഴ് യാത്രക്കാരും മൂന്ന് ജീവനക്കാരും ഉണ്ടായിരുന്നു. മോസ്‌കോയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് പോവുകയായിരുന്ന എംബ്രയർ ലെഗസി എന്ന സ്വകാര്യ വിമാനം ത്വെർ മേഖലയിലെ കുഷെൻകിനോ ഗ്രാമത്തിന് സമീപം തകർന്നുവീഴുകയായിരുന്നു. മൂന്നു ജീവനക്കാരുൾപ്പെടെ 10 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പ്രാഥമിക വിവരം അനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു- വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കി.
കഴിഞ്ഞ ജൂണിലാണ് പ്രിഗോഷിന് മോസ്‌കോ ലക്ഷ്യം വെച്ചു നീങ്ങിയത്. നിരവധി റോഡുകളും പാലങ്ങളും തകർത്തായിരുന്നു ഈ സൈന്യത്തിന്റെ മുന്നേറ്റം പുടിൻ തടഞ്ഞത്.