Sorry, you need to enable JavaScript to visit this website.

സ്വീകരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് എത്തിയില്ല, വിമാനത്തില്‍നിന്നിറങ്ങാന്‍ മോഡി വിസമ്മതിച്ചു

ജോഹനാസ്ബര്‍ഗ്- ബ്രിക്‌സ് ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയില്‍ എത്തിയ തന്നെ സ്വീകരിക്കാന്‍ പ്രസിഡന്റ് നേരിട്ട് വരാത്തതില്‍ പരിഭവിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ സ്വീകരിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ നേരിട്ടെത്തുകയും വിമാനത്താവളത്തിന്റെ ടാര്‍മാകില്‍ എത്തി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മോഡിയെ സ്വീകരിക്കാന്‍ ഒരു മന്ത്രിയെ ആണ് അയച്ചത്.
ഇതില്‍ അതൃപ്തനായ ഇന്ത്യന്‍ പ്രധാനമന്ത്രി വിമാനത്തില്‍നിന്ന് ഇറങ്ങാന്‍ തയാറായില്ലെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവരമറിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് റമഫോസ ഉടന്‍ ഡപ്യൂട്ടി പ്രസിഡന്റ് പോള്‍ മഷാറ്റിലിനെ വിമാനത്താവളത്തിലേക്ക് അയച്ച് പ്രതിസന്ധി പരിഹരിക്കുകയായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ ഓണ്‍ലൈന്‍ വാര്‍ത്താ പ്രസിദ്ധീകരണവും പ്രതിവാര അച്ചടി പത്രവുമായ ഡെയ്‌ലി മാവെറിക്കിനെ ഉദ്ധരിച്ച് ഫ്രീ പ്രസ് ജേണല്‍ പറയുന്നു.
ബ്രിക്‌സ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തിലേക്ക് ദക്ഷിണാഫ്രിക്കയുടെ ശ്രദ്ധ കേന്ദ്രീകരിച്ചത് ഇന്ത്യക്ക് അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
ബ്രിക്‌സ് ഉച്ചകോടി ആരംഭിക്കുന്നതിന് മുമ്പു തന്നെ എത്തിയ ചൈനീസ് പ്രസിഡന്റ്  ദക്ഷിണാഫ്രിക്കന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ദക്ഷിണാഫ്രിക്കയിലേക്കുള്ള അദ്ദേഹത്തിന്റെ നാലാമത്തെ സന്ദര്‍ശനമാണിത്. 2013ലും 2018ലും രാജ്യത്ത് നടന്ന രണ്ട് ബ്രിക്‌സ് ഉച്ചകോടികളിലും 2015ല്‍ ചൈന-ആഫ്രിക്ക സഹകരണ ഫോറത്തിന്റെ സഹ അധ്യക്ഷനായി റമഫോസക്കൊപ്പം പങ്കെടുത്തപ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യം  ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

 

Latest News