പരമ്പരാഗത വൈന്‍ നിര്‍മ്മിക്കാന്‍ വിഷപ്പാമ്പിനെ ഓണ്‍ലൈനില്‍ വാങ്ങിയ സ്ത്രീ ആ പാമ്പിന്റെ തന്നെ കടിയേറ്റ് മരിച്ചു. ചൈനയിലെ വടക്കന്‍ ഷാന്‍ക്‌സി പ്രവിശ്യയിലെ 21കാരിയാണ് മരിച്ചത്. കടിയേറ്റ് എട്ട് ദിവസത്തിന് ശേഷമാണ് യുവതി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റായ സുവാന്‍സുവാനിലൂടെയാണ് യുവതി പാമ്പിനെ വാങ്ങിയത്. പ്രദേശിക കൊറിയര്‍ സര്‍വീസിലൂടെയാണ് യുവതി പാമ്പിനെ കൈപ്പറ്റിയത്. പൊതിയില്‍ ഉണ്ടായിരുന്ന സാധനം എന്താണെന്ന് കൊറിയര്‍ കമ്പനിക്ക് വ്യക്തമായിരുന്നില്ല.
അമ്മയുടെ ചികിത്സാ ആവശ്യത്തിന് പാരമ്പരാഗത വൈന്‍ നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് യുവതി പാമ്പിനെ ഓര്‍ഡര്‍ ചെയ്തത്. പൂര്‍ണമായും പാമ്പിനെ മദ്യത്തില്‍ മുക്കിവച്ചാണ് ചൈനയില്‍ ഇത്തരം വൈന്‍ നിര്‍മ്മിക്കാറ്. ഇങ്ങനെ നിര്‍മ്മിക്കുന്ന വൈനിന് വീര്യം കൂടുതലായിരിക്കും.
യുവതിയെ കടിച്ച പാമ്പിനെ സമീപ പ്രദേശത്ത് നിന്ന് വനംവകുപ്പ് അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയുള്ള വന്യജീവി വില്‍പ്പന ചൈനയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാലും ചില സൈറ്റുകള്‍ നിയമവിരുദ്ധമായി ഇത്തരം വില്‍പ്പനകള്‍ നടത്താറുണ്ട്.