റായ്പൂര്‍ - ഛത്തീസ്ഗഢില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് കാണാതായ മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം റോഡില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വാര്‍ത്താ അവതാരക സല്‍മ സുല്‍ത്താന (23)യുടെ മൃതദേഹമാണ് ഛത്തീസ്ഗഢിലെ കോര്‍ബ-ദാരി റോഡില്‍ പോളിത്തീന്‍ ഷീറ്റിലാക്കി കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. മാധ്യമപ്രവര്‍ത്തകയെ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പൊലീസിന് കഴിഞ്ഞ ദിവസം സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോര്‍ബ-ദാരി നാലുവരിപ്പാത കുഴിച്ച് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കോര്‍ബയുടെ പ്രാന്തപ്രദേശമായ കുസ്മുണ്ട സ്വദേശിയാണ് സല്‍മ സുല്‍ത്താന. 2018 ഒക്ടോബര്‍ 21ന് കുസ്മുണ്ടയില്‍ നിന്ന് കോര്‍ബയിലേക്ക് ജോലിക്കായി പോയ സല്‍മയെ പിന്നീട് കാണാതാവുകയായിരുന്നു. പോലീസ് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായിരുന്നില്ല.