കോട്ടയം - ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയതിന്റെ പേരില്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്ന് പറഞ്ഞ് രംഗത്തെത്തിയ കൈതേപ്പാലം മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരിയായിരുന്ന പി.ഒ സതിയമ്മയ്‌ക്കെതിരെ പരാതി. തന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടിയതായി കാണിച്ച് അയല്‍വാസിയായ ലിജിമോളാണ് പോലീസില്‍ പരാതി നല്‍കിയത്. ഇക്കാര്യം പറഞ്ഞുകൊണ്ട് സി പി എം സംസ്ഥാന കമ്മിറ്റിയംഗം അനില്‍ കുമാറിനൊപ്പം ലിജിമോള്‍ വാര്‍ത്താ സമ്മേളനം നടത്തുകയും ചെയ്തു. സതിയമ്മ സമര്‍പ്പിച്ച രേഖകളിലെ ഒപ്പ് തന്റേതല്ലെന്നും താനിപ്പോള്‍ ഐശ്വര്യ കുടുംബശ്രീ അംഗമല്ലെന്നും ലിജിമോള്‍ പറഞ്ഞു. ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കണ്ടാണ് തന്റെ പേരില്‍ സതീദേവി ജോലി ചെയ്യുന്നതും ശമ്പളം വാങ്ങിയതുമൊക്കെ അറിയുന്നതെന്നും അവര്‍ പറഞ്ഞു. ലിജിമോളുടെ ജോലി വ്യാജ രേഖ ചമച്ച് സതീദേവി ചെയ്ത് വരികയായിരുന്നുവെന്നും അതിനാലാണ് പിരിച്ചുവിട്ടതെന്നുമായിരുന്നു ഇന്നലെ അധികൃതര്‍ വ്യക്തമാക്കിയത്. അതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് പോലീസില്‍ പരാതിയെത്തിയത്.
ഉമ്മന്‍ചാണ്ടിയെ പുകഴ്ത്തി പറഞ്ഞതിനാലാണ് ജോലി പോയതെന്നാണ് സതിയമ്മ പറഞ്ഞിരുന്നത്. അദ്ദേഹം ചെയ്ത സഹായങ്ങള്‍ മീഡിയയോട് പങ്കുവെയ്ക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തന്റെ മകന്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ ഉമ്മന്‍ ചാണ്ടി നേരിട്ട് ഇടപെട്ട് സഹായങ്ങള്‍ ചെയ്തതായും ഇവര്‍ പറഞ്ഞിരുന്നു. മകളുടെ വിവാഹച്ചടങ്ങില്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പങ്കെടുത്തുവെന്നും അതിനാല്‍ അദ്ദേഹത്തിന്റെ മകന്‍ ചാണ്ടി ഉമ്മന് വോട്ട് ചെയ്യുമെന്നുമാണ് സതിയമ്മ പറഞ്ഞത്. ഇതിന് പിന്നാലെ മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടര്‍ ഫോണില്‍ വിളിച്ച് ഇനി ജോലിക്കു കയറേണ്ടെന്ന് നിര്‍ദേശിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.