ന്യൂദൽഹി- കോൺഗ്രസിൽ എല്ലാക്കാലത്തും മൃദുഹിന്ദുത്വ നിലപാടുണ്ടായിരുന്നുവെന്ന് മുതിർന്ന നേതാവ് മണിശങ്കർ അയ്യർ. ആത്മകഥയായ ‘മെമ്മോയർസ് ഓഫ് എ മാവ്‌റിക്’ പുറത്തിറങ്ങുന്നതിനുമുമ്പായി നൽകിയ അഭിമുഖത്തിലാണ് മണിശങ്കർ അയ്യർ ഇക്കാര്യം പറഞ്ഞത്. മദൻമോഹൻ മാളവ്യ, പുരുഷോത്തം ദാസ് ഠണ്ഡൻ തുടങ്ങിയ നേതാക്കൾ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കുന്നവരായിരുന്നില്ല. മതനിരപേക്ഷ നിലപാടിൽനിന്ന് കോൺഗ്രസിനെ പൂർണമായും വ്യതിചലിപ്പിച്ചത് മുൻ പ്രധാനമന്ത്രി നരസിംഹ റാവുവാണ്. ഇപ്പോഴും പാർടി പിന്തുടരുന്നത് മൃദുഹിന്ദുത്വ നിലപാടാണ്. സംഘപരിവാറിന്റെ ഹിന്ദുത്വത്തിനെതിരെ ആശയപരമായി കൃത്യമായ നിലപാടെടുക്കാൻ കോൺഗ്രസിന് കഴിയണം. പൂർണമായ മതനിരപേക്ഷ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുകയാണ് വേണ്ടത്–- മണിശങ്കർ അയ്യർ പറഞ്ഞു.
നെഹ്‌റു കുടുംബവും പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും അദ്ദേഹത്തിന്റെ സംഘവും കരുതുന്നത് തന്റെ കാലം കഴിഞ്ഞെന്നാണ്. അതുകൊണ്ടാണ് പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്താതെ തഴഞ്ഞത്. നെഹ്‌റു കുടുംബവും ഖാർഗെയും ജയ്‌റാം രമേശിനെപ്പോലുള്ള അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്നാണ് ഒഴിവാക്കിയത്. തീരുമാനം അംഗീകരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. കോണ്‍ഗ്രസിനെ പല ഘട്ടത്തിലും തുറന്നുവിമർശിക്കുന്നതും ഒഴിവാക്കപ്പെടാൻ കാരണമായിട്ടുണ്ടാകാം-മണിശങ്കർ അയ്യർ പറഞ്ഞു.
പുസ്‌തകപ്രകാശനത്തിന് എത്താമെന്ന് സോണിയ അറിയിച്ചിട്ടുണ്ട്. അതൊരു അംഗീകാരമാണ്. അംഗീകാരം ലഭിക്കുന്നില്ലെങ്കിലും കോൺഗ്രസ് വിടില്ല. എന്നാൽ, കോൺഗ്രസ് തന്നെ ഉപേക്ഷിക്കുമോയെന്ന് പറയാനാകില്ലെന്നും മണിശങ്കർ അയ്യർ പറഞ്ഞു.