ന്യുദൽഹി- സ്ത്രീയുടെ മദ്യപിച്ച അവസ്ഥ മുതലെടുക്കാൻ പുരുഷ സുഹൃത്തിനുള്ള ലൈസൻസല്ലെന്ന് ദൽഹി കോടതിയുടെ നിരീക്ഷണം. സ്ത്രീയെ ചുംബിക്കാൻ ക്രിമിനൽ ബലപ്രയോഗം നടത്തിയതിന് പുരുഷനു വിധിച്ച ശിക്ഷ ശരിവെച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
അതേസമയം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ കുറ്റത്തിൽനിന്ന് സാകേത് കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി സുനിൽ ഗുപ്ത പ്രതിയെ കുറ്റവിമുക്തനാക്കി. ഈ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയമായി പരാജയപ്പെട്ടുവെന്ന് ജഡ്ജി നിരീക്ഷിച്ചു.
മഹിളാ കോടതി ശിക്ഷിച്ച ഉത്തരവിനെ ചോദ്യം ചെയ്താണ് പ്രതി അപ്പീൽ ഫയൽ ചെയ്തത്. തനിക്ക് ലഭിച്ച ഒരു വർഷത്തെ ജയിൽ ശിക്ഷയെ അപ്പീലിൽ ചോദ്യം ചെയ്തിരുന്നു. അപ്പീൽ ഫയൽ ചെയ്യുന്നത് വരെ ശിക്ഷ സസ്‌പെൻഡ് ചെയ്യാനും ജാമ്യം അനുവദിക്കാനുമുള്ള അദ്ദേഹത്തിന്റെ അപേക്ഷ മജിസ്‌ട്രേറ്റ് അനുവദിച്ചിരുന്നു.
പരാതിക്കാരിയായ യുവതിക്ക് താനുമായി ബന്ധമുണ്ടെന്നും വ്യത്യസ്ത മതക്കാരായതിനാൽ മാതാപിതാക്കളുടെ എതിർപ്പിനെ തുടർന്ന് വിവാഹം നടന്നില്ലെന്നുമായിരുന്നു പ്രതിയുടെ വാദം. ഭർത്താവുമായി വേർപിരിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് യുവതി താനുമായി ബന്ധപ്പെട്ടതെന്നും കടം വാങ്ങിയ പണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസിനു പോയതെന്നും ഇയാൾ അവകാശപ്പെട്ടു.
യുവതിയുടെ വൈദ്യപരിശോധന നടത്താത്തതിനാൽ സെക്ഷൻ 323 പ്രകാരം ശിക്ഷിക്കപ്പെടാൻ കഴിയില്ലെന്നും ഇയാൾ വാദിച്ചു. സംഭവ സമയത്ത് യുവതി മദ്യപിച്ചിരുന്നതിനാൽ വൈദ്യപരിശോധന നടത്താൻ വിസമ്മതിച്ചതായി ഇയാൾ ആരോപിച്ചു. ഈ വാദം നിരസിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.