കൊച്ചി- കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ സി.പി.എം. സംസ്ഥാനസമിതി അംഗമായ മുന്‍മന്ത്രി എ.സി. മൊയ്തീനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യംചെയ്യും. ചോദ്യംചെയ്യലിനായി ഉടന്‍ നോട്ടീസ് അയക്കും. എ.സി. മൊയ്തീന്റെ 30 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം(എഫ്.ഡി.) മരവിപ്പിച്ചു. ബിനാമികളെന്ന് സംശയിക്കുന്നവരുമായി മൊയ്തീന് നിരന്തരബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ക്രമക്കേടുകള്‍ നടത്താനായി കരുവന്നൂര്‍ സഹകരണബാങ്കില്‍ രണ്ടു രജിസ്റ്ററുകള്‍ ഉണ്ടായിരുന്നതായും റെയ്ഡില്‍ ഇ.ഡി. കണ്ടെത്തി.
മുന്‍മന്ത്രിയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എഫ്.ഡിയായി കിടക്കുന്ന 30 ലക്ഷം രൂപ കണക്കില്‍പ്പെടാത്തതാണെന്നാണ് ഇ.ഡി. പറയുന്നത്. അതിനാലാണ് മരവിപ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീമും മൊയ്തീനുമായി പണമിടപാടുമായി ബന്ധപ്പെട്ട് ഫോണ്‍ സംഭാഷങ്ങളുണ്ടായിട്ടുണ്ട്. മൊയ്തീന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് കോടിക്കണക്കിന് രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. മൊയ്തീന്റെ വീട്ടിലേതിനുപുറമേ അനില്‍ സുഭാഷ്, സതീഷ്, ഷിജു, റഹീം എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇവര്‍ മൊയ്തീന്റെ ബിനാമികളായിരുന്നുവെന്നാണ് ഇ.ഡി. സംശയിക്കുന്നത്. ഷിജുവും റഹീമും മൊയ്തീന്റെ അകന്ന ബന്ധത്തിലുള്ളവരാണെന്ന് ഇ.ഡി. അന്വേഷണസംഘം പറയുന്നത്.
ഇവരുടെ പക്കല്‍ നിര്‍ണായകമായ പലരേഖകളും സാമ്പത്തിക നിക്ഷേപങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ക്ക് സഹകരണബാങ്കില്‍ അന്‍പതോളം അക്കൗണ്ടും മറ്റൊരാള്‍ക്ക് 25-ഓളം അക്കൗണ്ടുകളും ഉണ്ടെന്നാണ് കണ്ടെത്തല്‍. സഹകരണബാങ്കില്‍ തന്നെ ഇത്രയേറെ അക്കൗണ്ടുകള്‍ ആരംഭിക്കുന്നത് ബിനാമി ഇടപാടിന് വേണ്ടിയാണെന്നാണ് ഇ.ഡിയുടെ നിഗമനം.
ബിനാമികള്‍ എന്ന് പറയപ്പെടുന്നവര്‍ക്ക് മൊയ്തീന്റെ സ്വാധീനത്തില്‍ 45 കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ടെന്ന് ഇ.ഡി. കണ്ടെത്തി. ഇവരെ ചോദ്യംചെയ്ത ശേഷമാവും എ.സി. മൊയ്തീന് നോട്ടീസ് നല്‍കുക. സഹകരണ രജിസ്ട്രാറില്‍ ഒരാളാണ് മൊയ്തീനെതിരെ മൊഴിനല്‍കിയതെന്നാണ് വിവരം. ബാങ്കുമായി ബന്ധപ്പെട്ട് തട്ടിപ്പുനടക്കുന്നു, അത് തടയണമെന്ന് സഹകരണ രജിസ്ട്രാര്‍ മൊയ്തീനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് സൂചനയുണ്ട്. ഇതിനാലാണ് വായ്പ ക്രമക്കേടിലും മൊയ്തീനു പങ്കുണ്ടെന്ന നിഗമനത്തിലേക്ക് ഇ.ഡി. എത്തിയിരിക്കുന്നത്. മൊയ്തീന്റെ സ്വാധീനത്തില്‍ മറ്റുപലര്‍ക്കും വായ്പ നല്‍കിയതായും മൊഴി ലഭിച്ചിട്ടുണ്ട്.
കരുവന്നൂര്‍ തട്ടിപ്പില്‍ 2021 ഓഗസ്റ്റ് ഏഴിനാണ് ഇ.ഡി. കേസെടുത്തത്. ബാങ്കിന്റെ മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍ കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റായിരുന്ന സി.കെ. ജില്‍സ്, ബാങ്ക് മെമ്പര്‍ കിരണ്‍, കമ്മിഷന്‍ ഏജന്റായിരുന്ന എ.കെ. ബിജോയ്, ബാങ്കിന്റെ സൂപ്പര്‍മാര്‍ക്കറ്റിലെ അക്കൗണ്ടന്റ് റെജി അനില്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.
എ.കെ. ബിജോയുടെ 30.70 കോടി രൂപയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടിയിരുന്നു. മൊയ്തീന്റെ വീട്ടില്‍ റെയ്ഡ് നടക്കുമ്പോള്‍ പരാതിക്കാരനായ കരുവന്നൂര്‍ ബാങ്ക് എക്സ്റ്റന്‍ഷന്‍ ശാഖാ മാനേജരായിരുന്ന എം.വി. സുരേഷില്‍നിന്ന് ഇ.ഡി. മൊഴിയെടുക്കുകയായിരുന്നു.
കേസിന്റെ ആദ്യഘട്ടത്തിലൊന്നും മൊയ്തീന്റെ പേരില്ലായിരുന്നു. സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയായിരുന്ന 2011-16 കാലയളവില്‍ വായ്പ അനുവദിക്കുന്നതിലും ബാങ്കിന്റെ ഔദ്യോഗികകാര്യങ്ങളിലും മൊയ്തീന്റെ ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ഇ.ഡി. സംശയിക്കുന്നത്. ബാങ്കിന്റെ യോഗങ്ങള്‍ക്ക് രണ്ടുരീതിയില്‍ മിനുട്സ് സൃഷ്ടിച്ചിരുന്നതായും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. ഔദ്യോഗികരേഖകള്‍ക്കൊപ്പം സൂക്ഷിക്കാന്‍ പ്രത്യേക മിനുട്സും ക്രമവിരുദ്ധമായ കാര്യങ്ങള്‍ക്ക് മറ്റൊരു മിനുട്സുമാണ് ഉണ്ടായിരുന്നത്. രാഷ്ട്രീയക്കാരുടെ കോടിക്കണക്കിന് രൂപ ബാങ്കിലേക്ക് അനധികൃതമായി എത്തുകയും ഇത് ബിനാമികള്‍ക്ക് വായ്പ എന്ന രൂപത്തില്‍ നല്‍കിയെന്നും ഇ.ഡി. സംശയിക്കുന്നു.
വെട്ടിപ്പിന് സഹായിച്ച ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്കെതിരേ ക്രിമിനല്‍ നടപടിയുണ്ടാകുമെന്നാണ് സൂചന. കണക്കുകളില്‍ കൃത്രിമം കാണിച്ചും മാറ്റിയെഴുതിയും ബാങ്കിലെ വെട്ടിപ്പ് ഒളിപ്പിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ കൂട്ടുനില്‍ക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ ചോദ്യംചെയ്തിരുന്നില്ല.