പട്‌ന- രണ്ട് സമുദായങ്ങൾ തമ്മിൽ വർഗീയ സംഘർഷമുണ്ടായ ബിഹാറിലെ ബഗാഹ നഗരത്തിൽ അടുത്ത രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട്വരെയാണ് ഇന്റർനെറ്റ് വിലക്കെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജില്ലാ മജിസ്‌ട്രേറ്റിന്റെയും ബഗാഹയിലെ എസ്‌പിയുടെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് തീരുമാനമെടുത്തത്. ബഗാഹ പോലീസ് ജില്ലയിൽ എസ്പി റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്. കലാപ പശ്ചാത്തലം ചില സാമൂഹിക വിരുദ്ധർ ഉപയോഗിച്ചേക്കുമെന്ന് ആശങ്കയുണ്ടെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. പ്രദേശത്തിന്റെ സമാധാനം തകർക്കാൻ പ്രകോപനപരമായ സന്ദേശങ്ങളും വീഡിയോകളും കൈമാറാൻ ഇന്റർനെറ്റ് ഉപയോഗിക്കുമെന്നാണ് ആശങ്ക. മുൻകരുതൽ നടപടിയെന്ന നിലയിലാണ് രണ്ട് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനം.
ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് 1885 പ്രകാരമാണ് ടെലികോം സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ നടപടി സ്വീകരിച്ചതെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച നാഗപഞ്ചമി ദിനത്തിൽ ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു.പരിക്കേറ്റവരെ ബഗഹയിലെ സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്.
ബഗാഹയെ കൂടാതെ, കിഴക്കൻ ചമ്പാരൻ ജില്ലയിലെ മെഹ്‌സി, കല്യാൺപൂർ ഗ്രാമങ്ങളിലും അക്രമാസക്തമായ ഏറ്റുമുട്ടലുകൾ നടന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.