വാഷിംഗ്ടൺ- യു.എസ്. പ്രസിഡണ്ട് ജോ ബൈഡൻ നാല് ദിവസത്തെ സന്ദർശനത്തിനായി അടുത്തമാസം ഇന്ത്യയിലെത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന ബൈഡൻ ജി 20 നേതാക്കളുമായി ശുദ്ധമായ ഊർജ സംക്രമണത്തിനും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുമുള്ള ബഹുമുഖ പദ്ധതികളുടെ ശേഷി വർധിപ്പിക്കുന്നതിനെ കുറിച്ചും ഉക്രൈൻ യുദ്ധത്തെ കുറിച്ചും ചർച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.
സെപ്തംബർ 9, 10 തീയതികളിൽ ഇന്ത്യ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കും. ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി യുഎസ് സന്ദർശിച്ചിരുന്നു. സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്കായി കാത്തിരിക്കുകയാണെന്ന് അന്ന് ബൈഡൻ പറഞ്ഞിരുന്നു.
പ്രസിഡന്റ് ബൈഡൻ പ്രധാനമന്ത്രി മോഡിയുടെ ജി 20 നേതൃത്വത്തെ അഭിനന്ദിക്കുകയും 2026 ൽ ആതിഥേയത്വം വഹിക്കുന്നതുൾപ്പെടെ സാമ്പത്തിക സഹകരണത്തിന്റെ പ്രധാന ഫോറമായി ജി 20 യോടുള്ള യുഎസ് പ്രതിബദ്ധത വീണ്ടും വ്യക്തമാക്കുകയും ചെയ്യുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.