കൊച്ചി-മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പുകേസില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്ത് വിട്ടയച്ചു. ആശങ്കയും ഭയപ്പാടുമില്ലെന്ന് പറഞ്ഞ അദ്ദേഹം ഇ.ഡി. ചോദിച്ച ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
'പൂര്‍ണമായും സത്യസന്ധമായ രാഷ്ട്രീയം നയിക്കുന്ന ആളാണ്. ഒരു ആശങ്കയും ഭയപ്പാടും ഇല്ല. ചോദിച്ച ചോദ്യങ്ങള്‍ക്കൊക്കെ സുഖകരമായ ഉത്തരം നല്‍കിയിട്ടുണ്ട്. ഇ.ഡി. അവരുടെ ഉത്തരവാദിത്വം നിറവേറ്റുന്നു. ഭയപ്പെടുന്ന കൂട്ടര്‍ക്കല്ലേ പ്രശ്നമുള്ളൂ'- സുധാകരന് പറഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും 30-ാം തീയതി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാജപുരാവസ്തു തട്ടിപ്പിലെ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് സുധാകരനെ ഇ.ഡി. വിളിപ്പിച്ചത്. മോന്‍സനില്‍നിന്ന് കെ. സുധാകരന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടുവെന്ന ദൃക്സാക്ഷികളുടെ രഹസ്യമൊഴിയുണ്ടായിരുന്നു. ഇതിനു പുറമേ തൃശ്ശൂര്‍ സ്വദേശി അനൂപ്, മോന്സന് 25 ലക്ഷം രൂപ നല്‍കിയതിന് സുധാകരന് ഇടനില നിന്നെന്ന പരാതിക്കാരന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് ഇ.ഡി. സുധാകരനെ വിളിപ്പിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകണമെന്നറിയിച്ചായിരുന്നു ആദ്യം നോട്ടീസ് അയച്ചിരുന്നത്. എന്നാല്‍ ഒഴിവാക്കാന്‍ പറ്റാത്ത ചില പരിപാടികള്‍ ഉള്ളതിനാല്‍ ചൊവ്വാഴ്ച ഹാജരാകാമെന്ന് സുധാകരന്റെ പ്രതിനിധി ഇ.ഡി. ഓഫീസില്‍ നേരിട്ടെത്തി രേഖാമൂലം അറിയിക്കുകയായിരുന്നു.