Sorry, you need to enable JavaScript to visit this website.

യു.കെയിലെ ചരിത്ര പ്രസിദ്ധമായ ഇന്ത്യ ക്ലബ് അടച്ചു പൂട്ടുന്നു 

ലണ്ടന്‍- യു.കെയിലെ ചരിത്ര പ്രസിദ്ധമായ ഇന്ത്യ ക്ലബ് അടച്ചുപൂട്ടുന്നു. യു.കെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിനടുത്താണിത്.  യുകെയിലെ നിരവധി ഇന്ത്യക്കാര്‍ക്ക് വീട് വിട്ടാല്‍ മറ്റൊരു വീടെന്നറിയപ്പെടുന്ന സ്ഥാപനമാണ് ലണ്ടനിലെ ഇന്ത്യ ക്ലബ്. ഒരു പൊളിച്ചുനീക്കല്‍ സിവില്‍ കേസില്‍ പരാജയപ്പെട്ടതിന് ശേഷമാണ്  എന്നെന്നേക്കുമായി അടച്ചു പൂട്ടാന്‍ തീരുമാനമായത്.  1951-ല്‍ ദി സ്ട്രാന്‍ഡില്‍ സ്ഥാപിതമായതാണ് ഗൃഹാതുരത്വം തുളുമ്പുന്ന ഈ ഭക്ഷണശാലയും സംഗമവേദിയും. സെപ്തംബര്‍ 17നാണ് അവസാന തിരശീല വീഴുക.  ടെലിഗ്രാഫിനോട് സംസാരിച്ച ക്ലബിന്റെ നടത്തിപ്പുകാരായ യാദ്ഗര്‍ മാര്‍ക്കറും മകള്‍ ഫിറോസയും പറഞ്ഞു: 'ഇന്ത്യ ക്ലബ് അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിക്കുന്നത് വളരെ വേദനയോടെയാണ്. എഴുത്തുകാരനും കോണ്‍ഗ്രസ് എം.പിയുമായ ശശി ഇതേ കുറിച്ച് സമൂഹ മാധ്യമത്തില്‍ കുറിച്ചു. അടച്ചുപൂട്ടല്‍ പ്രഖ്യാപനത്തില്‍ അദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു. പത്രപ്രവര്‍ത്തകനായ തന്റെ പിതാവ് ചന്ദ്രന്‍ തരൂരിന്റെ ക്ലബുമായുള്ള ബന്ധം വ്യക്തമാക്കുന്നതായിരുന്നു കുറിപ്പ്. ''അതിന്റെ സ്ഥാപകരിലൊരാളുടെ മകനെന്ന നിലയില്‍, ഏകദേശം മുക്കാല്‍ നൂറ്റാണ്ടായി നിരവധി ഇന്ത്യക്കാര്‍ക്ക് സേവനമനുഷ്ഠിച്ച ഒരു സ്ഥാപനത്തിന്റെ വിട വാങ്ങലില്‍ വിലപിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും യാത്രക്കാര്‍ക്കും ഇത് അവരുടെ വീട് പോലെയായിരുന്നു.  ലളിതവും നല്ല നിലവാരമുള്ള  ഇന്ത്യന്‍ ഭക്ഷണവും താങ്ങാനാവുന്ന വിലയില്‍ വാഗ്ദാനം ചെയ്യുന്നതും  സൗഹൃദം നിലനിര്‍ത്താനുമുള്ള സുഖപ്രദമായ അന്തരീക്ഷം- അവിടെ വെച്ച് കഴിച്ച മസാലദോശയുടെ സ്വാദ് ഓര്‍ത്ത് എക്‌സില്‍ തരൂര്‍ എഴുതി. 
സ്വാതന്ത്ര്യത്തിനുശേഷം ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സൗഹൃദബന്ധം വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ചരിത്രപ്രസിദ്ധമായ സ്ഥാപനമാണ് ലണ്ടന്‍ ക്ലബ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള പ്രചാരണത്തിന്  1928-ല്‍ സ്ഥാപിതമായ ബ്രിട്ടീഷ് ആസ്ഥാനമായുള്ള ഇന്ത്യാ ലീഗ് എന്ന സംഘടനയാണ് ക്ലബ്ബ് സ്ഥാപിച്ചത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു, രാജ്യത്തിന്റെ അവസാന വൈസ്രോയിയുടെ ഭാര്യ ബര്‍മ്മയിലെ കൗണ്ടസ് മൗണ്ട് ബാറ്റണ്‍ എന്നിവരും ക്ലബ്ബിന്റെ സ്ഥാപക അംഗങ്ങളായിരുന്നു. ഒരു കാലത്ത് ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍, ഇന്ത്യന്‍ വര്‍ക്കേഴ്‌സ് അസോസിയേഷന്‍, ഇന്ത്യന്‍ സോഷ്യലിസ്റ്റ് ഗ്രൂപ്പ് എന്നിവയുള്‍പ്പെടെയുള്ള സംഘടനകളുടെ സംഗമ കേന്ദ്രമായിരുന്നു ഇവിടം.  ഇത് ആദ്യമായി തുറന്നപ്പോള്‍ മഹാത്മാഗാന്ധിയുടെയും വി.കെ കൃഷ്ണമേനോന്റെയും ഛായാചിത്രങ്ങള്‍ ചുവരുകളില്‍ സ്ഥാനം പിടിച്ചിരുന്നു.ലേബര്‍ എംപി ജോണ്‍ മക്ഡൊണല്‍ ചരിത്ര സ്മാരകം ഇല്ലാതാവുന്നതില്‍ ദു:ഖം പ്രകടിപ്പിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്റെ ഭാര്യ ഇവിടെ  പതിവായി സന്ദര്‍ശിക്കാറുണ്ടായിരുന്നതായും പറഞ്ഞു. 


 

Latest News