ഇംഫാല്‍- നിയമസഭയുടെ വര്‍ഷകാല സമ്മേളനം 29ന് വിളിച്ചു ചേര്‍ത്ത് മണിപ്പൂര്‍ ഗവര്‍ണര്‍ അനുസൂയ ഉയ്കെ. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ സംസ്ഥാന നിയമസഭയുടെ സമ്മേളനം വിളിക്കാന്‍ ശിപാര്‍ശ ചെയ്തതിന് പിന്നാലെയാണ് ഗവര്‍ണറുടെ നിര്‍ദ്ദേശമുണ്ടായത്.
മണിപ്പൂര്‍ മന്ത്രിസഭ ഓഗസ്റ്റ് 21ന് നിയമസഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്തിരുന്നെങ്കിലും ഗവര്‍ണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നില്ല. അക്രമം തുടരുന്നതിനാല്‍ 10 കുക്കി എം. എല്‍, എമാര്‍ പാര്‍ട്ടി ബന്ധങ്ങളില്ലാത്തതിനാല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു.
മാര്‍ച്ചിലാണ് സംസ്ഥാന നിയമസഭാ സമ്മേളനം അവസാനമായി ചേര്‍ന്നത്. പിന്നീട് മെയ് മാസത്തിലാണ് സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അടുത്ത സെഷന്‍ സെപ്റ്റംബര്‍ രണ്ടിന് മുമ്പ് നടത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണ്.