തിരുവനന്തപുരം- ക്ലിഫ്ഹൗസ് വളപ്പില്‍ മുഖ്യമന്ത്രിയുടെ നീന്തല്‍ക്കുളത്തിനായി വീണ്ടും പണമെറിയുന്നു. നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണിക്കു 4.03 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. നവംബര്‍ വരെയുള്ള അഞ്ചാംഘട്ട വാര്‍ഷിക പരിപാലനത്തിനാണു ഈ തുക. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റേഴ്സ് സൊസൈറ്റി സമര്‍പ്പിച്ച എസ്റ്റിമേറ്റിനു ടൂറിസം വകുപ്പ് അംഗീകാരം നല്‍കി. ഇതോടെ കുളം പരിപാലിക്കാന്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തു മുടക്കിയത് 35.95 ലക്ഷം രൂപയായി.നേരത്തേ കുളത്തിന്റെ നവീകരണത്തിന് 18.06 ലക്ഷവും മേല്‍ക്കൂരയ്ക്ക് 7.92 ലക്ഷവും വാര്‍ഷിക അറ്റകുറ്റപ്പണിക്ക് 5.92 ലക്ഷം രൂപയുമാണു ചെലവാക്കിയത്. ഈ ജോലികളും ചെയ്തത് ഊരാളുങ്കല്‍ സൊസൈറ്റിയാണ്. ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42.50 ലക്ഷം രൂപയും ലിഫ്റ്റിന് 25.50 ലക്ഷം രൂപയും സിസിടിവി സംവിധാനം മാറ്റി സ്ഥാപിക്കാന്‍ 12.93 ലക്ഷം രൂപയും നേരത്തേ അനുവദിച്ചിരുന്നു. ക്ലിഫ്ഹൗസ് വളപ്പിലെ നീന്തല്‍ കുളത്തിനായി ഇതുവരെ പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് 71.88 ലക്ഷമാണ്.