വാഷിംഗ്ടണ്‍- 2008ലെ മുംബൈ ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടാനുള്ള പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ വ്യവസായി തഹാവുര്‍ റാണയെ ഇന്ത്യക്ക് കൈമാറുന്നത് തടഞ്ഞു യു. എസ് കോടതി ഉത്തരവിട്ടു.
ബൈഡന്‍ ഭരണകൂടത്തിന്റെ അപ്പീല്‍ മറികടന്നാണ് കോടതിയുടെ തീരുമാനം. ഹേബിയസ് കോര്‍പ്പസ് റിട്ട് നിരസിച്ച സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോര്‍ണിയയിലെ യു. എസ് ഡിസ്ട്രിക്റ്റ് കോടതിയുടെ ഉത്തരവിനെതിരെ 62കാരനായ റാണ ഒമ്പതാം സര്‍ക്യൂട്ട് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. റാണയെ കൈമാറുന്നതില്‍ സ്റ്റേ പാടില്ലെന്ന സര്‍ക്കാരിന്റെ ശുപാര്‍ശകളെയാണ് സെന്‍ട്രല്‍ കാലിഫോര്‍ണിയയിലെ യു. എസ് ജില്ലാ ജഡ്ജി ഡെയ്ല്‍ എസ് ഫിഷര്‍ മറികടന്നത്.
മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്നാണ് റാണയ്‌ക്കെതിരായ ആരോപണം. 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളായ പാകിസ്ഥാന്‍- അമേരിക്കന്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ബന്ധമുണ്ടെന്നും പറയുന്നു.
കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം തഹാവൂര്‍ റാണയെ കൈമാറണമെന്ന് ഇന്ത്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു. സുഹൃത്തായ യു. എസ് പൗരന്‍ ഡേവിഡ് ഹെഡ്‌ലിയുമൊത്ത് പാക് ഭീകരസംഘടനകള്‍ക്കായി മുംബൈ ഭീകരാക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ അന്വേഷണം നേരിടുന്നത്.