Sorry, you need to enable JavaScript to visit this website.

തുവ്വൂരില്‍ നടന്നത് ' ദൃശ്യം ' മോഡല്‍ കൊലപാതകം, മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിര്‍മ്മിക്കാന്‍ ശ്രമിച്ചു

മലപ്പുറം - തുവ്വൂരില്‍ നടന്നത് ' ദൃശ്യം ' മോഡല്‍ കൊലപാതകമെന്ന് പോലീസ്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് ഹോളോബ്രിക്സുകളും മെറ്റലും ഇറക്കിയ പ്രതികള്‍ ഇവിടെ കുളിമുറി നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് .സുജിത് ദാസ് പറഞ്ഞു. തുവ്വൂര്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായ സുജിതയെയാണ്(35) യൂത്ത് കോണ്‍ഗ്രസ് തുവ്വൂര്‍ മണ്ഡലം സെക്രട്ടറി വിഷ്ണുവും ഇയാളുടെ  സഹോദരങ്ങളും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൃത്യത്തില്‍ നേരിട്ട് പങ്കാളിയല്ലെങ്കിലും സുജിത കൊല്ലപ്പെട്ടതും മൃതദേഹം കുഴിച്ചിട്ടതും വിഷ്ണുവിന്റെ അച്ഛന്‍ അറിഞ്ഞിരുന്നു. ഇതിനാലാണ് ഇയാളെയും കേസില്‍ അറസ്റ്റ് ചെയ്തത്.
ആഭരണങ്ങള്‍ കവരാന്‍ വേണ്ടിയാണ് കൊല നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളുണ്ടായിരുന്നോയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.  കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ വിഷ്ണു ഒരു ജ്വല്ലറിയില്‍ വില്‍പന നടത്തി കിട്ടിയ പണം കൂട്ടു പ്രതികള്‍ക്ക് വീതിച്ചു നല്‍കിയിരുന്നു. വിഷ്ണുവിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട മൃതദേഹം ഇന്ന് രാവിലെയാണ് പുറത്തെടുത്തത്. ഇതിന് പത്ത് ദിവസത്തെ പഴക്കമുണ്ട്. 
കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായ സുജിതയെ ആഗസ്റ്റ് പതിനൊന്നാം തിയ്യതി മുതലാണ് കാണാതായത്. കേസിലെ മുഖ്യപ്രതി വിഷ്ണുവും ഇവിടെ താല്‍ക്കാലിക ജീവനക്കാരനായിരുന്നെങ്കിലും സുജിതയുടെ തിരോധാനത്തിന് ഏതാനും നാള്‍ മുന്‍പ് ഇയാള്‍ ജോലി രാജിവെയ്ക്കുകയായിരുന്നു. ഐ എസ് ആര്‍ ഒ യില്‍ താല്‍ക്കാലിക ജോലി ലഭിച്ചെന്നാണ് കാരണമായി പറഞ്ഞത്. 
പബ്‌ളിക് ഹെല്‍ത്ത് സെന്ററിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ആഗസ്റ്റ് 11 നി സുജിത കൃഷിഭവനില്‍ നിന്ന് പോയത്. എന്നാല്‍ ഇവര്‍ നേരെ വിഷ്ണുവിന്റെ വീട്ടിലേക്കാണ് പോയത്. സുജിത ഏറ്റവും അവസാനമായി ഫോണ്‍ ചെയ്തത് വിഷ്ണുവിനെയാണെന്നും പോലീസ് കണ്ടെത്തിയിരുന്നു. യുവതി വീട്ടിലേക്ക് വരുന്ന കാര്യം വിഷ്ണു ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് അറിവുണ്ടായിരുന്നു. യുവതിയെ കാത്ത് വിഷ്ണു വീട്ടില്‍ തന്നെയുണ്ടായിരുന്നു. ഈ സമയം മറ്റ് പ്രതികള്‍ വീടിന്റെ പുറത്ത് കാത്തു നില്‍ക്കുകയും ചെയ്തു. സുജിത വീട്ടിനുള്ളിലേക്ക് കയറിയപ്പോള്‍ മറ്റു പ്രതികളും വീട്ടിനുള്ളിലേക്ക് കടന്ന് സുജിതയെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചു. യുവതി ബോധം കെട്ട് നിലത്തു വീണപ്പോള്‍ കഴുത്തില്‍ കയര്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം കട്ടിലിനടിയില്‍ ഒളിപ്പിച്ചു. സുജിതയുടെ ശരീരത്തില്‍ നിന്ന് ആഭരണങ്ങള്‍ എടുത്ത് വിഷ്ണു ഇത് ജ്വല്ലറിയില്‍ കൊണ്ടു പോയി വില്‍ക്കുകയും ചെയ്തു. സംഭവ ദിവസം അര്‍ധരാത്രിയാണ് വീടിന്റെ പിറകിലുണ്ടായിരുന്ന മാലിന്യ കുഴിയിലെ മണ്ണ് മാന്തി മൃതദേഹം പ്രതികള്‍ കുഴിച്ചിട്ടത്. പിന്നീട് ഇവിടെ കുളിമുറി നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയായിരുന്നു. സുജിതയെ കാണാനില്ലെന്ന് ഇവരുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇക്കാര്യം വിഷ്്ണു വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ് ബുക്കിലും പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. സൂജിതയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച സമരങ്ങളിലും വിഷ്ണു മുന്‍പന്തിയിലുണ്ടായിരുന്നു. ഫോണ്‍കോളുകളടക്കം പരിശോധിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് വിഷ്ണുവിലേക്ക് പോലീസിന്റെ സംശയം എത്തിയതും ഒടുവില്‍ കൊലപാതക വിവരം വെളിച്ചത്തായതും.

 

Latest News