Sorry, you need to enable JavaScript to visit this website.

മരുഭൂമിയിൽ ധ്രുവാന്തരീക്ഷത്തിന്റെ ആസ്വാദനം പകർന്ന് റിയാദ് സ്‌നോസിറ്റി

മരുഭൂമിയുടെ ഹൃദയഭാഗത്ത് ധ്രുവാന്തരീക്ഷത്തിന്റെ ആസ്വാദനം പകരുന്ന റിയാദ് സ്‌നോ സിറ്റി സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ്. അൽറബ്‌വ ഡിസ്ട്രിക്ടിൽ ഈസ്റ്റേൺ റിംഗ് റോഡിനു സമീപമുള്ള അൽഉതൈം മാളിലാണ് റിയാദ് സ്‌നോ സിറ്റിയുള്ളത്. റിയാദ് നഗരത്തിലെ താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തുന്ന വേനൽക്കാല കാലാവസ്ഥയിൽനിന്ന് തീർത്തും വ്യത്യസ്തമായി മൈനസ് മൂന്നു ഡിഗ്രി അന്തരീക്ഷത്തിൽ ധ്രുവകാലാവസ്ഥയും സ്‌നോബോർഡിംഗും ആസ്വദിക്കാൻ സന്ദർശകർക്ക് കഴിയും. 
വർഷം മുഴുവൻ സന്ദർശകരെ ആകർഷിക്കുന്ന റിയാദിലെയും സൗദിയിലെയും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് റിയാദ് സ്‌നോ സിറ്റി. ഐസ് കൊണ്ട് പൊതിഞ്ഞ 4,500 ചതുരശ്രമീറ്ററിലധികം വിസ്തൃതിയിൽ എല്ലാ പ്രായക്കാർക്കും അനുയോജ്യമായ 13 സ്‌നോ ഗെയിമുകൾ ഇവിടെയുണ്ട്. അവധി ദിവസങ്ങളിലും ദേശീയാഘോഷ ദിനങ്ങളിലും സ്‌നോ സിറ്റി ഹാളിൽ പ്രത്യേക പരിപാടികളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു. ഒരേസമയം 600 സന്ദർശകരെ ഉൾക്കൊള്ളാൻ മാത്രം സ്‌നോ സിറ്റി ഹാൾ വിശാലമാണ്. 


കൊടും തണുപ്പുള്ള സ്ഥലമായതിനാൽ സന്ദർശകർ പ്രത്യേക വസ്ത്രങ്ങളും ഷൂസും ഹെൽമെറ്റും കൈയുറകളും ധരിച്ചാണ് ധ്രുവകാലാവസ്ഥയും വ്യത്യസ്ത ഇനം ഐസ് ഗെയിമുകളും പൂർണാർഥത്തിൽ ആസ്വദിക്കേണ്ടത്. ദിവസേന ഓരോ മൂന്നു മണിക്കൂറിലും ലേസർ പ്രദർശനവും നടക്കുന്നുണ്ട്. സ്‌നോ സിറ്റിയിലെ മഞ്ഞുവീഴ്ചയുള്ള തുരങ്കങ്ങൾക്കുള്ളിലെ സ്‌കീ ടയറുകളും സാഹസിക ഗെയിമുകളും പറക്കുംപാലവും സന്ദർശകർക്ക് വിസ്മയമാകുന്നു. സ്‌കീകളും തടി ബോർഡുകളും ഉപയോഗിച്ച് സ്‌കീയിംഗ് നടത്താനുള്ള സ്‌കേറ്റിംഗ് റിംഗ് സ്‌കീയിംഗ് ഇഷ്ടപ്പെടുന്നവർക്ക് മറ്റൊരു മാനം നൽകുന്നു. ഒപ്പം വിദഗ്ധ ട്രെയിനർമാരുടെ അകമ്പടിയോടെ മഞ്ഞുമലകളിൽ സ്‌കീയിംഗ് നടത്താനും സാധിക്കും. 
ഡിസ്‌നിയുടെ ഹിമമനുഷ്യ കഥാപാത്രമായ ഒലാഫ്, പെൻഗ്വിൻ, ധ്രുവക്കരടി എന്നിവയുടെ മഞ്ഞുശിൽപങ്ങൾ, മഞ്ഞുഗുഹ, സ്‌നോബോൾ ഉപയോഗിച്ചുള്ള കളി എന്നിവയടക്കം മരുഭൂമിയിലെ പരിചിതമല്ലാത്ത അന്തരീക്ഷത്തിൽ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലെ ജീവിതാനുഭവമാണ് സ്‌നോ സിറ്റി സന്ദർശകർക്ക് സമ്മാനിക്കുന്നത്. രാജ്യത്തെ കൂടിയ താപനിലയിൽ നിന്ന് രക്ഷപ്പെടാനും സ്‌നോ സിറ്റി വാഗ്ദാനം ചെയ്യുന്ന അതുല്യമായ ആക്ടിവിറ്റികളിലും അനുഭവങ്ങളിലും പങ്കുചേരാനും ധാരാളം സന്ദർശകരാണ് ഓരോ വർഷവും ഇവിടെയെത്തുന്നത്. അവധി ദിവസങ്ങളിൽ ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ഉച്ചക്ക് രണ്ടു മുതൽ അർധരാത്രി 12 വരെയാണ് സ്‌നോ സിറ്റിയിൽ സന്ദർശകരെ സ്വീകരിക്കുന്നത്. പൂർണ സുഖവും സ്വകാര്യതയും ഉറപ്പാക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും വേറിട്ട സമയങ്ങളിലാണ് സ്‌നോ സിറ്റിയിലേക്ക് പ്രവേശനം നൽകുന്നത്. 

Latest News