സ്‌റ്റോക്‌ഹോം - കഴിഞ്ഞ ജൂണിൽ സ്റ്റോക്ക്‌ഹോം സെൻട്രൽ മസ്ജിദിനു മുന്നിൽ വെച്ച് പോലീസ് സുരക്ഷയിൽ പരസ്യമായി വിശുദ്ധ ഖുർആൻ കോപ്പി പിച്ചിച്ചീന്തി കത്തിച്ച ഇറാഖി അഭയാർഥി സൽവാൻ മോമികക്ക് സ്വീഡനിൽ നടുറോഡിൽ ആളുകൾ നോക്കിനിൽക്കെ മർദനം. ബോക്‌സിംഗ് താരമായ മറ്റൊരു ഇറാഖി യുവാവാണ് മുസ്ഹഫ് കത്തിച്ചതിന്റെ പേരിൽ നടുറോഡിൽ വെച്ച് സൽവാൻ മോമികയെ ഇടിച്ചത്. സൽവാൻ മോമികയെ വെല്ലുവിളിച്ച ബോക്‌സർ മോമികയുടെ മുഖത്ത് മാറിമാറി ശക്തിയിൽ ഇടിക്കുകയും തൊഴിക്കുകയുമായിരുന്നു. ഇടി തടുക്കാൻ സൽവാൻ മോമിക ശ്രമിച്ചെങ്കിലും സാധിച്ചില്ല. അവസാനം പിന്തിരിഞ്ഞോടിയ സൽവാൻ മോമിക റോഡ് സൈഡിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ബാരിക്കേഡ് ഉപയോഗിച്ചാണ് ബോക്‌സറെ തടയാൻ ശ്രമിച്ചത്.
— Ahed Madi (@77ahed) August 21, 2023
ബലിപെരുന്നാൾ ദിവസം മസ്ജിദിനു മുന്നിൽ വെച്ച് പോലീസ് കാവലിൽ പരസ്യമായി മുസ്ഹഫ് കോപ്പി കത്തിച്ച് ലോക മുസ്‌ലിംകളുടെ വികാരം വ്രണപ്പെടുത്തിയ സൽവാൻ മോമിക ഇടിയും തൊഴിയുമേറ്റ് പിന്തിരിഞ്ഞോടിയതിൽ ദൃക്‌സാക്ഷികൾ ആഹ്ലാദം പ്രകടിപ്പിച്ചു. സൽവാൻ മോമിക പിന്നീടും സമാന നിലക്ക് ഖുർആൻ അവഹേളനങ്ങൾ നടത്തിയിരുന്നു.
യുവാവിന് ഇടിയേൽക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികളിൽ ഒരാൾ ചിത്രീകരിച്ച് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു. ഖുർആൻ അഗ്നിക്കിരയാക്കിയ ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തിയ സൽവാൻ മോമിക തനിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തണമെന്ന് സ്വീഡിഷ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. സൽവാൻ മോമിക മുസ്ഹഫ് കോപ്പി കത്തിച്ചതിനു പിന്നാലെ സ്വീഡനിലും നെദർലാന്റ്‌സിലും ഡെന്മാർക്കിലും പോലീസ് കാവലിൽ ഖുർആൻ അവഹേളനങ്ങൾ നടന്നിരുന്നു.